ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അപകടകരമായ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റ കേസിൽ യുവാവിന് രണ്ടു വർഷവും 11 മാസവും തടവ് ശിക്ഷ കോടതി വിധിച്ചു. മുഹമ്മദ് സജാദ് എന്ന യുവാവാണ് പതിനൊന്നോളം ആളുകളെ തട്ടിപ്പിന് ഇരയാക്കിയത്. ഫെയ്സ്ബുക്ക്, ഇബേ, ഗംട്രീ, ഓട്ടോ ട്രെഡർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പരസ്യങ്ങൾ നൽകി നല്ലൊരു രീതിയിലുള്ള വാഹനങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിൽ അപകടകരമായ നിലയിലുള്ള വാഹനങ്ങൾ ഇയാൾ വിൽപ്പന നടത്തിയത്.

ഇരുപത്തിനാലുകാരനായ മുഹമ്മദ് സജാദും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പരസ്യം കണ്ട് ഫോർഡിന്റെ ഒരു കാർ വാങ്ങിയ ആൾ തന്റെ വീട്ടിലേക്ക് ഓടിച്ചോണ്ട് പോകുന്ന വഴിക്കിടെ തന്നെ പെട്രോൾ ടാങ്കിൽ നിന്ന് ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പെട്രോൾ ടാങ്ക് തുരുമ്പിച്ചതാണെന്ന് കണ്ടെത്തി. സജാദ് വിറ്റ കാറുകളിൽ പലതും അപകടകരവും സഞ്ചാരയോഗ്യമല്ലാത്തതുമാണെന്ന് കോടതി കണ്ടെത്തി. വാങ്ങുന്നവരിൽ നിന്ന് 58,000 പൗണ്ടിലധികം തട്ടിപ്പ് നടത്താൻ സജാദിന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കണക്കിൽ ആകുമ്പോൾ യഥാർത്ഥ കണക്ക് 100,000 പൗണ്ടിന് മുകളിലാണെന്ന് കണക്കിലാക്കപ്പെടുന്നു.


ബെർമിംഗ്ഹാമിലെ യാർഡ്‌ലിയിലെ വിബാർട്ട് റോഡിലാണ് സജാദ് താമസിച്ചിരുന്നത്. അയൽക്കാർക്ക് ഈ യുവാവ് ഒരു പേടി സ്വപ്നമായിരുന്നു എന്ന് അയൽക്കാരിലൊരാൾ വ്യക്തമാക്കുന്നുണ്ട്. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി നിരവധി കാറുകൾ പാർക്ക് ചെയ്തിരുന്ന ഇയാൾ അയൽക്കാരുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തിയിരുന്നു. സജാദിൽ നിന്ന് മോശം കാർ വാങ്ങിയ ഒരു ഉപഭോക്താവ് പിന്നീട് തന്നെ ബന്ധപ്പെട്ടതായി മറ്റൊരു അയൽക്കാരൻ വ്യക്തമാക്കി. തന്റെ വീട് പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ട് ആയതിനാൽ അതിനെക്കുറിച്ച് അന്വേഷിക്കാനാണ് തന്നെ വിളിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അയൽക്കാർ നിരവധി പരാതികളാണ് യുവാവിനെ സംബന്ധിച്ച് ഉന്നയിക്കുന്നത്. ഗൂഢാലോചന, ജനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിലുള്ള തട്ടിപ്പ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.