ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എൺപത്തഞ്ചു വയസ്സുകാരനായ എൻ എച്ച് എസ് ഡോക്ടറുടെ ചികിത്സ പിഴവ് മൂലം യുവതി മരിച്ച സംഭവത്തിൽ ഡോക്ടർ കുറ്റക്കാരൻ ആണെന്ന് കോടതി വിലയിരുത്തി. ഈ കേസ് സംബന്ധിച്ച് ചൊവ്വാഴ്ച വിധിയുണ്ടാകും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇശ്യക മാമൻ എന്ന ഡോക്ടറാണ് ബയോപ്സി നടത്തിയതിൽ ഉണ്ടായ പിഴവിലൂടെ രോഗിയുടെ മരണത്തിന് കാരണമായത്. നാല്പത്തെട്ടുകാരിയായ ഷാഹിദ പർവീൺ ആണ് ഡോക്ടറുടെ അലംഭാവപരമായ പെരുമാറ്റം മൂലം മരണപ്പെട്ടത്. 2018 സെപ്റ്റംബറിൽ ആണ് ഷാഹിദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. ചികിത്സയുടെ പുരോഗമനത്തിനായി ഇവർക്ക് ബോൺമാരോ ബയോപ്സി ആവശ്യമായിരുന്നു. സാധാരണയായി ഹിപ്പ് ബോണിൽ നിന്നുമാണ് ബയോപ്സിക്കായി ശേഖരിക്കുന്നത്. എന്നാൽ ആദ്യത്തെ പരിശ്രമത്തിൽ ഇത് പൂർത്തീകരിക്കുവാൻ ഡോക്ടർ മാമന് സാധിച്ചില്ല. തുടർന്ന് അദ്ദേഹം രോഗിയുടെയും ഭർത്താവിന്റെയും എതിർപ്പുകളെ അവഗണിച്ച്, വളരെ അപകടകരമായ പ്രക്രിയയിലൂടെ സ്റ്റേർണത്തിൽ നിന്നും സാമ്പിൾ കളക്ട് ചെയ്യുവാൻ ശ്രമിച്ചു. തെറ്റായ ബയോപ്സി നീഡിൽ ഉപയോഗിച്ചതിനെ തുടർന്ന് കൃത്യമായ എല്ലിൽ നിന്നും സാമ്പിൾ എടുക്കാൻ സാധിക്കാതെ വരികയും, ഹൃദയത്തെ പൊതിയുന്ന പെരികാർഡിയത്തിനു ക്ഷതം ഏൽക്കുവാൻ ഇത് കാരണമാവുകയും ചെയ്തു. തുടർന്നുണ്ടായ ഗുരുതരമായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ഷാഹിദ മരണപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ കോടതിയിൽ വ്യക്തമാക്കി.

തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. ഇതിനുമുൻപും തന്റെ പ്രായം മറച്ചുവെച്ച കുറ്റത്തിന് ഡോക്ടർ മാമന് സസ്പെൻഷൻ ലഭിച്ചിട്ടുള്ളതാണ്. അതിനുശേഷം നടത്തിയ മറ്റൊരു പ്രക്രിയയിലും രോഗി അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡോക്ടറാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമെന്ന് ഷാഹിദയുടെ ഭർത്താവ് കോടതിയിൽ വ്യക്തമാക്കി. 1965 ൽ നൈജീരിയയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഡോക്ടർ മാമൻ 1991 മുതൽ ബ്രിട്ടനിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ്.