വക്കച്ചൻ കൊട്ടാരം

ഒരുമയുടേയും, സ്നേഹത്തിന്റേയും തേരിലേറി കലയുടെ നൂപുരധ്വനി മുഴക്കി ഒരു പതിറ്റാണ്ടിന്റെ അജയ്യ കാഹളത്തോടെ മുന്നേറുന്ന കലാകേരളം ഗ്ലാസ്ഗോ ഒരു പിടി മിന്നും പ്രതിഭകളെ അണിനിരത്തിയാണ് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഘടനയുടെ ചരിത്രത്തിൽ ഇതാദ്യമായി പ്രസിഡന്റും വൈസ് പ്രസിഡന്റും വനിതകൾ. സംഘടനയെ പുതിയ തലങ്ങളിലേക്കെത്തിക്കാൻ ആത്മാർത്ഥത നിറഞ്ഞ ഉറച്ച കാൽവയ്പുകളോടെ മിനി സേവ്യർ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അളവറ്റ പിന്തുണയും, അകമഴിഞ്ഞ മനസ്സുമായി ഡെയ്സി സിബി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കലാകേരളത്ത്തിന്റ തുടക്കം മുതൽ പല കമ്മറ്റികളിലായി തന്റെ പ്രവർത്തന മികവിന്റെ നിപുണത തെളിയിച്ച ജയ്ബി പോൾ സെക്രട്ടറിയായപ്പോൾ, പുതു തലമുറയുടെ ആവേശമായി ജോ: സെക്രട്ടറിയായി അലൻ ബാബുവും ചേരുന്നു. പരിചയസമ്പന്നതയുടെ മികവോടെ തോമസ് വറുഗീസ് ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാര്യക്ഷമതയും, പ്രവർത്തിപരിചയവും, ഊർജ്വസ്വല തയും കൈമുതലാക്കിയ കമ്മറ്റി അംഗങ്ങളായി റെജി ജോസഫ്, നിക്കി ബോയ് ജൂലിയാനസ് , ജോജി സെബാസ്റ്റ്യൻ, ടെസ്സി കാട്ടടി , സിസ് മോൾ ഷൈൻ, സ്റ്റെല്ലാ മാത്യു എന്നിവർ അണിചേരുമ്പോൾ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം കലാകേരളത്തിന്‌ പുതു ചൈതന്യം നിറക്കാൻ യുവത്വത്തിന്റെ പ്രസരിപ്പോടെ നയന ജയിൻ, നേഹ ടോമി, ഡെൽന തോമസ് , ഡിയ തോമസ് , ജെസ്വിൻ കാട്ടടി , സാം സോജോ എന്നിവരും കൈകോർക്കുമ്പോൾ ഗ്ലാസ്‌ഗോ മലയാളികളുടെ കലാ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ അനുദിനം മുഴങ്ങുന്ന ഒരേയൊരു ശബ്ദമായ കലാകേരളം പുതിയ മാനങ്ങൾ കൈവരിക്കും.

 

ഈ കഴിഞ്ഞ മാർച്ച് 19ന് ഈസ്റ്റ് കിൽബ്രൈഡ് ഔവർ ലേഡി ഓഫ് ലൂർദ് ഹാൾൽ വച്ച് നടത്തപ്പെട്ട മാതൃ ദിനം പെൺകരുത്തിന്റെ സംഘാടനാ മികവിന്റെ ഉത്തമോദാഹരണമായി. മെയ് ഒന്നിന് കാംബുസ്ലാംഗിൽ വച്ച് നടത്തുന്ന വാർഷികാഘോഷത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയായി . അന്നേ ദിവസം കലാകേരളത്തിന്റെ കഴിവുറ്റ കലാകാരികളും ,കലാകാരന്മാരും അണിനിരക്കുമ്പോൾ കണ്ണിനും, കരളിനും കുളിരേകുന്ന കലാ സന്ധ്യക്കായിരിക്കും തിരി തെളിയുക. ഒരു ചെറിയ കൂട്ടായ്മ തീർത്ത വലിയ വിജയങ്ങളുടെ ഉൾക്കരുത്ത് എല്ലാ അംഗങ്ങളുടേയും നിസ്വാർത്ഥമായ സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പ്രതിഫലനമാണെന്ന ഉറച്ച വിശ്വാസത്തോടെ കലാകേരളം മുന്നോട്ട് …