മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുക എന്ന ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി മന്ത്രിയുടെ ചിലവന്നൂര്‍ കായലിനടുത്തുള്ള വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോര്‍ട്ടിനായി തോമസ് ചാണ്ടി നടത്തിയത് ക്രമക്കേടുകളുടെ നീണ്ട നിരയാണ്. അനധികൃതമായി നിലം നികത്തല്‍, കായല്‍ കൈയ്യേറ്റം, കായല്‍ നികത്തല്‍, അനുമതിയില്ലാതെ കെട്ടിടങ്ങള്‍ പണിയല്‍. ഇതിനെല്ലാമപ്പുറം രണ്ട് എംപിമാരുടെ ഒത്താശയോടെ എംപി ഫണ്ടില്‍ നിന്നുള്ള പണമുപയോഗിച്ച് റിസോര്‍ട്ടിലേക്കു റോഡു പണിയല്‍. ഇതു കൂടാതെയാണ് ബിനാമികളെ ഉപയോഗിച്ച് അനധികൃതമായി മാര്‍ത്താണ്ഡം കായല്‍ നികത്തല്‍. ദേശീയ ജലപാതക്കായി നീക്കിയ മണ്ണ് ഉപയോഗിച്ച് സര്‍ക്കാര്‍ ചെലവില്‍ കായല്‍ നികത്തിയെടുത്ത വന്‍ ക്രമക്കേട്. ഇതിനൊക്കെ പുറമേ മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി വ്യാജ ഒപ്പുകളിട്ട പവര്‍ ഓഫ് അറ്റോര്‍ണ്ണി ഉപയോഗിച്ച് കൈവശപ്പെടുത്തല്‍.
അതീവ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന തോമസ്സ് ചാണ്ടിയെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയ ശേഷം, അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തോമസ് ചാണ്ടിയുടെ ചെലവന്നൂരെ വീട് ഉപരോധിച്ചു, തോമസ് ചാണ്ടിയുടെ കോലം കത്തിക്കുകയും ധര്‍ണ്ണ നടത്തുകയും ചെയ്തു.സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതിയംഗം ഷൈബു മഠത്തില്‍ പറഞ്ഞു. എറണാകുളം പാര്‍ലമെന്റ് മണ്ഡലം നിരീക്ഷകന്‍ ഷകീര്‍ അലി, പരമേശ്വരന്‍, വിന്‍സെന്റ്, adv. അലക്‌സ് താന്നിപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Leave a Reply