മലപ്പുറം ജില്ലയിലെ മമ്പാട് പ്രദേശത്ത് മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മുസ്തഫയെ വീടു കയറി ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും അടക്കം ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടാസംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. വീടുകയറി ആക്രമിച്ച മാഫിയാസംഘങ്ങള്‍ക്കെതിരെ ഉന്നതതലത്തില്‍ വരെ പരാതികള്‍ നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ചുള്ള പരാതികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കുകയും അതുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയുടേയും മറ്റു പരിസ്ഥിതി സംഘടനകളുടെയും നേതാക്കള്‍ക്കെതിരെ വീണ്ടും അക്രമ ഭീഷണി മുഴക്കുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം ഏറെ നിര്‍ഭാഗ്യകരമാണ്.

ഈ മാഫിയകള്‍ക്ക് പിന്നില്‍ ഉന്നത ബന്ധം ഉണ്ട് എന്നത് വ്യക്തവും ആണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമം പാലിക്കപ്പെടുന്നു എന്നും അത് ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുന്നുവെന്നും ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ നിയമലംഘനം ചൂണ്ടിക്കാട്ടുന്നവരെ ആക്രമിക്കുന്ന മാഫിയകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. ഈ നാട്ടിലെ ഭൂമിയും വനവും പുഴകളും സംരക്ഷിക്കപ്പെടുന്നത് ഒരു കൂട്ടം നിസ്വാര്‍ത്ഥ യായ പരിസ്ഥിതി സംരക്ഷകരുടെ പ്രവര്‍ത്തന ഫലമായി ആണ് എന്നത് കാണേണ്ടതുണ്ട്. ഭരണ-പ്രതിപക്ഷങ്ങള്‍ മിക്കപ്പോഴും ഇത്തരം പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് സഹായകരമായ നിലപാടുകള്‍ എടുക്കുന്നില്ല എന്നുമാത്രമല്ല പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആം ആദ്മി പാര്‍ട്ടി രേഖപ്പെടുത്തുന്നു