നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിന്റെ മറവില്‍ കരിങ്കല്ലിനും മെറ്റലിനും പാറമണലിനും പാറപ്പൊടിക്കും മറ്റും വന്‍ തോതില്‍ വില വര്‍ദ്ധിപ്പിച്ചു ക്വാറി ഉടമകള്‍ പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു സംസ്ഥാന ജില്ലാ ഭരണകര്‍ത്താക്കളോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 2500 രൂപയ്ക്കു വിറ്റിരുന്ന 250 ക്യൂബിക് അടി കരിങ്കല്ലിനു ഇപ്പോള്‍ 4000 രൂപയാണ് വില വാങ്ങുന്നത്. അതുപോലെ ഓരോ ക്യൂബിക് അടി മണലിനും മെറ്റലിനും പാറപ്പൊടിക്കും അഞ്ചുമുതല്‍ പത്ത് രൂപ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികവില ഈടാക്കുന്നു. നിര്‍മ്മാണച്ചിലവ് കൂട്ടിയതിനാലല്ല മറിച്ചു കൃത്രിമ ക്ഷാമം സൃഷ്ടിച്ചു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്.ഇവരുടെ ഇത്തരം നടപടികള്‍ മൂലം സാധാരണക്കാരുടെ നിര്മാണപ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായിരിക്കുന്നതു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു ഇവയുടെ വില നിയന്ത്രിക്കാന്‍ നടപടി എടുക്കണം.

ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചു നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. ഇതിന്റെ മറവിലാണ് ക്വാറികളുടെ ദൂരപരിധിയിലും മറ്റും നിരവധി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിലും വലിയ തോതിലുള്ള അഴിമതിയുണ്ടെന്ന് ആര്‍ക്കും ബോധ്യമാകും.

വരും തലമുറകള്‍ക്കു കൂടി അവകാശപ്പെട്ട ഈ പ്രകൃതി സമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി ഇവയുടെ ഖനനവും വിതരണവും പൂര്‍ണ്ണമായും സര്‍ക്കാര്‍ മേഖലയിലാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇന്ന് അഴിമതിയുടെയും മാഫിയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായിരുന്ന ഖനനം സര്‍ക്കാര്‍ മേഖലയിലാക്കുമെന്നു എല്‍ ഡി എഫ് മാനിഫെസ്‌റോയില്‍ വാഗ്ദാനം ചെയ്തിരുന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ടു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി തയ്യാറാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.