കേവലം യുവത്വത്തിലേക്കു കാലെടുത്തുവെക്കുന്ന അഭിമന്യു എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അര്‍ജുനന്‍ എന്ന വിദ്യാര്‍ത്ഥിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തവര്‍ ഏതു രാഷ്ട്രീയം പറയുന്നവരായാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി.
മഹാരാജാസ് കോളേജില്‍ നടന്ന അതിനീചമായ ആക്രമണത്തിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തു വിചാരണയ്ക്ക് വിധേയരാക്കണം. കാമ്പസിന് പുറത്തു നിന്നുള്ളവരാണ് അക്രമത്തിനു പിന്നിലെന്നുണ്ടെങ്കില്‍ അത് കൂടുതല്‍ ഗൗരവമായ വിഷയമാണ്. കൊല്ലപ്പെടുന്നവരുടെ രാഷ്ട്രീയമോ മതമോ നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പലപ്പോഴും ഇതുണ്ടാകാറില്ല എന്ന പരാതിയില്‍ സത്യമുണ്ടെന്നും ആംആദ്മി പറഞ്ഞു.
ന്യുനപക്ഷ ദളിത് ഇരവാദം നടത്തുന്നവരുടെ തനിനിറം വ്യക്തമാക്കുന്ന സംഭവമാണിത്. തീവ്രവാദത്തിനു മതത്തിന്റെ ന്യായീകരണം നല്‍കുന്നത് കാപട്യമാണ്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈ വെട്ടിയ നിലപാട് തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നതെന്നും ആം ആദ്മി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വരുംകാല സമൂഹത്തിനു ജനാധിപത്യപാഠങ്ങള്‍ നല്‍കാനുള്ള ക്യാംപസുകള്‍ ചോരക്കളമാക്കുന്നവര്‍ക്കു ജനാധിപത്യത്തില്‍ യാതൊരു വിശ്വാസവുമില്ലെന്നു വ്യക്തമാണ്. മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമാണ് എന്ന ബോധ്യം വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്ന ശക്തികള്‍ ആപത്താണ്. വിദ്യാര്‍ത്ഥികളെ എന്തിന്റെ പേരിലും തമ്മിലടിപ്പിക്കുന്ന ഈ ശക്തികള്‍ തന്നെയാണ് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ സാധ്യത പോലും ഇല്ലാതാക്കുന്നത്. ക്യാമ്പസില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും രംഗത്തു വരണമെന്നും ആം ആദ്മി അഭ്യര്‍ത്ഥിച്ചു.
കാമ്പസിലെ ജനാധിപത്യം ഇല്ലാതാക്കുന്നതില്‍ എസ്.എഫ്.ഐക്കുള്ള പങ്കും പരിശോധിക്കപ്പെടണം. ജനാധിപത്യപരമായ സംവാദങ്ങള്‍ക്കു പകരം സംഘടിത ആയുധശക്തി പ്രയോഗിക്കുന്ന രീതിയില്‍ നിന്നും എല്ലാ വിദ്യാര്‍ത്ഥികളും വിട്ടു നില്‍ക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
Leave a Reply