കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ക്ഷണത്തില്‍ മരണം സംഭവിച്ചത് നെഞ്ചില്‍ കുത്തേറ്റ് ഹൃദയം മുറിഞ്ഞതിനെ തുടര്‍ന്ന്. കരള്‍ വേര്‍പെട്ട നിലയിലായിരുന്നു. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ആശുപത്രിയില്‍ എത്തിക്കും മുമ്പേ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയിരുന്നു. മുറിവ് തന്നെയാണ് പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചവര്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തില്‍ എത്താന്‍ പോലീസിനെ സഹായിച്ചതും.
പുറത്തു നിന്നെത്തിയ ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കത്തിയടക്കമുള്ള മാരകായുധങ്ങള്‍ കരുതിയിരുന്നു. ഏറ്റുമുട്ടലിനിടെ അഭിമന്യുവിന് കുത്തേറ്റത്. കോളജിന്റെ പിന്‍ഭാഗത്ത് ഐ.എം.എ ഗേറ്റിനു സമീപത്തുവച്ചാണ് കുത്തേല്‍ക്കുന്നത്. കുത്തേറ്റ് ഓടിയ അഭിമന്യു 50 മീറ്ററോളം ദൂരം പിന്നിട്ടതും നിലത്തുവീണു. തട്ടിവീണതാകും എന്നാണു കരുതിയതെന്നു സംഭവം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടാംവര്‍ഷ മലയാളം വിദ്യാര്‍ഥി അരുണ്‍ പറഞ്ഞു. പിന്നീടാണ് നെഞ്ചില്‍നിന്നു ചോര ഒലിക്കുന്നത് കണ്ടത്. അഭിമന്യുവുമായി ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു പാഞ്ഞെങ്കിലും അവിടെ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.
ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കോളേജില്‍ കയറി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. മഹാരാജാസില്‍ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യൂ. ഇന്നലെയായിരുന്നു കോളജില്‍ നവാഗതരുടെ പ്രവേശനോത്സവം. ഇതിനായി പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത മതിലില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എഴുതുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. തുടര്‍ന്ന് ഇതു ചോദ്യംചെയ്യുകയും ചെറിയ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. രാത്രി 8.30നാണ് ഈ സംഭവങ്ങള്‍ നടന്നത്. പിന്നീട് ഇതു പറഞ്ഞുതീര്‍ത്തു.
എന്നാല്‍, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് രാത്രി 12.30-ഓടെ കൂടുതല്‍ പേര്‍ പുറത്തുനിന്നു സംഭവസ്ഥലത്തേക്കെത്തി. പിന്നീട് വീണ്ടും തര്‍ക്കമുണ്ടായി. ഈ സമയം കോളജില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഫോണ്‍ ഹോസ്റ്റലിലേക്ക് എത്തി. ഹോസ്റ്റല്‍ സെക്രട്ടറി ആയിരുന്ന അഭിമന്യുവിനെയാണ് വിവരം അറിയിച്ചത്. ഹോസ്റ്റലില്‍ ലോകകപ്പ് കാണുകയായിരുന്നു വിദ്യാര്‍ഥികള്‍ കോളജിന്റെ പിന്‍ഭാഗത്തുള്ള ഗേറ്റിനു മുന്നിലെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷം ഏറ്റുമുട്ടലിലേക്കു വഴിമാറുകയായിരുന്നു. ഹോസ്റ്റലില്‍നിന്നെത്തിയ വിദ്യാര്‍ഥികളുടെ െകെയില്‍ പട്ടികക്കഷണങ്ങള്‍ ഉണ്ടായിരുന്നു.
ഞായറാഴ്ച ചേര്‍ന്ന ഡി.െവെ.എഫ്.ഐ മേഖലാ കമ്മിറ്റി യോഗത്തില്‍ അഭിമന്യുവിനെ വട്ടവട മേഖലാ െവെസ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. മേഖലാ കമ്മിറ്റി യോഗം ഉച്ചയോടെയാണ് സമാപിച്ചത്. പ്രവര്‍ത്തനമികവിന്റെ അംഗീകാരമായി ലഭിച്ച പുതിയ ചുമതല ഏറ്റെടുത്തശേഷം തിരികെ എത്തിയ അഭിമന്യുവിനെ സ്വീകരിക്കാന്‍ കാത്തിരുന്നത് അക്രമികളുടെ കത്തിമുനയായിരുന്നു. കൊച്ചിയിലേക്കുള്ള ബസ് കിട്ടാത്തതുമുലം നാലുമണിക്ക് വട്ടവടയില്‍നിന്നു ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി ലോറിയില്‍ സഹപ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊച്ചിയിലേക്കു യാത്രയാക്കിയത്. രാത്രി പതിനൊന്നോടെ കാമ്പസിലെത്തിയ അഭിമന്യു നടന്നുകയറിയത് അക്രമത്തിനൊരുങ്ങി നില്‍ക്കുന്നവര്‍ക്ക് ഇടയിലേക്കാണ്.
Leave a Reply