ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സ്കോട്ട് ലൻഡിന്റെ മുൻ പ്രഥമമന്ത്രി നിക്കോള സ്റ്റർജൻ മുൻ ഭർത്താവ് പീറ്റർ മറെലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ച് സംസാരിക്കവെ വികാരാധീനയായി. സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി.) ഫണ്ടിൽ നിന്ന് 4 ലക്ഷം പൗണ്ടിലേറെ തുക തട്ടിയെടുത്തതായി മറെൽ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് സ്റ്റർജന്റെ പ്രതികരണം. താൻ ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും മറ്റൊരാളുടെ കുറ്റത്തിന് മാപ്പ് പറയില്ലെന്നും അവർ പറഞ്ഞു.

ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ, മറെൽ സമ്മാനിച്ച ഒരു നെക്ലേസിനെക്കുറിച്ച് പരാമർശിക്കവെയാണ് സ്റ്റർജൻ കണ്ണീരടക്കാൻ പാടുപെട്ടത്. ഭർത്താവിന്റെ സമ്മാനമാണെന്ന് കരുതി ഏറെ ഇഷ്ടത്തോടെ ഉപയോഗിച്ചിരുന്ന ആ നെക്ലേസ് പാർട്ടിയുടെ പണം ഉപയോഗിച്ചാണ് വാങ്ങിയതെന്ന് പിന്നീട് മനസ്സിലായതായി അവർ പറഞ്ഞു. ഈ വിവരം തനിക്ക് വലിയ വേദനയും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്നും അതിൽ നിന്ന് പൂർണമായി മുക്തയാകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും സ്റ്റർജൻ വ്യക്തമാക്കി.

ഭർത്താവിന്റെ പ്രവൃത്തികൾ വ്യക്തിപരമായ വഞ്ചന മാത്രമല്ല, പൊതുജീവിതത്തിലും തന്നെ കടുത്ത വിമർശനങ്ങൾക്കും സംശയങ്ങൾക്കും വിധേയയാക്കിയെന്ന് സ്റ്റർജൻ പറഞ്ഞു. അതേസമയം, എസ്.എൻ.പി.യുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൂർണ സുതാര്യത ഉറപ്പാക്കുന്നതിനായി പൊതുഅന്വേഷണം നടത്തണമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി മന്ത്രി പാറ്റ് മക്ഫാഡൻ ആവശ്യപ്പെട്ടു.











Leave a Reply