അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്ക് സമാപനം കുറിക്കുന്ന ലണ്ടന്‍ റീജിയണിലെ ബൈബിള്‍ ശുശ്രൂഷയെ ഉപവാസ ശുശ്രൂഷയാക്കിക്കൊണ്ടാവും നടത്തുക. കൂടുതലായ അനുഗ്രഹങ്ങള്‍ക്ക് വാതായനങ്ങള്‍ തുറക്കപ്പെടുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥത്തില്‍ പരിശുദ്ധാത്മ വരദാനങ്ങള്‍ പ്രാപിക്കുവാനും ഉപവാസം അനുഷ്ഠിച്ചു കൊണ്ടുള്ള ശുശ്രൂഷ അനുഗ്രഹീതമാകും. അന്നേ ദിവസം അല്ലിയന്‍സ് പാര്‍ക്കില്‍ ഫുഡ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നില്ലാത്തതിനാല്‍ അത്യാവശ്യം ഉള്ളവര്‍ തങ്ങളുടെ ഭക്ഷണം കയ്യില്‍ കരുതേണ്ടതാണ്.

ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കില്‍ അഭിഷേകാഗ്‌നി ശുശ്രുഷകള്‍ക്ക് മൂന്നു ഹാളുകളിലായിട്ടാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി ഒരു ഹാളും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി രണ്ടു ഹാളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങളായി കുട്ടികള്‍ക്ക് തിരുവചന ശുശ്രൂഷകളും പ്രാര്‍ത്ഥനകളും സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.

ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ട്രെയിന്‍ മാര്‍ഗ്ഗം അല്ലിയന്‍സ് പാര്‍ക്കിന്റെ ഏറ്റവും സമീപസ്ഥമായ മില്‍ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് അവിടെനിന്നുള്ള അത്യാവശ്യ യാത്രാ സൗകര്യം ഒരുക്കുവാന്‍ എന്‍ഫീല്‍ഡിലെ അനില്‍ ആന്റണിയുടെ (07723744639) നേതൃത്വത്തിലുള്ള വോളണ്ടിയേഴ്‌സ് ടീം സ്റ്റേഷന്‍ പരിസരത്തുണ്ടാവും. ധ്യാന വേദിയിലേക്കും തിരിച്ചും ടീം ഷട്ടില്‍ സര്‍വ്വീസുകള്‍ സൗജന്യമായി നടത്തുന്നതായിരിക്കും. 11:00നും 17:00 നും ഇടയില്‍ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

കോച്ചുകളിലും കാറുകളിലുമായി എത്തുന്നവര്‍ അല്ലിന്‍സ് പാര്‍ക്കിലേക്കുള്ള ഗേറ്റ് A വഴി വരേണ്ടതാണ്. പേജ് സ്ട്രീറ്റ് വഴി വന്ന് ചാമ്പ്യന്‍സ് വേയിലൂടെ കടന്ന് കായിക വേദിയില്‍ ഉള്ള വിശാലമായ പാര്‍ക്കിങ്ങിലാണ് കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യേണ്ടത്. റൂട്ട് 1 (വെസ്റ്റ്) വാറ്റ്ഫോര്‍ഡില്‍ നിന്നുമുള്ള മാപ്പും, റൂട്ട് 2 (ഈസ്റ്റ്) ലണ്ടനില്‍ നിന്നുമുള്ള മാപ്പും ആണ് കൊടുത്തിരിക്കുന്നത്. അല്ലിന്‍സ് പാര്‍ക്കില്‍ 200 ഓളം കോച്ചുകള്‍ക്കും 800 ഓളം കാറുകള്‍ക്കും സൗജന്യമായി പാര്‍ക്ക് ചെയ്യുവാനുള്ള വിശാലമായ സൗകര്യം ഉണ്ട്.

ഏവര്‍ക്കും സൗകര്യപ്രദമായി ധ്യാനത്തില്‍ പങ്കു ചേരുന്നതിനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി മെഗാ സ്‌ക്രീനുകളും സംവിധാനങ്ങളും ഡീക്കന്‍ ജോയ്സ്, ജീസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്നുണ്ട്. 200 അടിയോളം നീളമുള്ള ഹാളിന്റെ ഒരറ്റത്താണ് ധ്യാന വേദിയും ബലിപീഠവും ഒരുക്കിയിരിക്കുന്നതെങ്കിലും മികവുറ്റ മള്‍ട്ടി മീഡിയാ സിസ്റ്റം ഒരുക്കുന്നതിനാല്‍ ആര്‍ക്കും ദൂരത്തിന്റേതായ അസൗകര്യങ്ങള്‍ ഉണ്ടാവാനിടയില്ല.

250 പേരടങ്ങുന്ന ബോക്‌സുകളായി തിരിച്ചാണ് മുതിര്‍ന്നവരുടെ ധ്യാന വേദി വിഭജിച്ചിരിക്കുന്നത്. ഓരോ ബോക്‌സുകളും നിറഞ്ഞ ശേഷം മാത്രമേ അടുത്ത ബോക്‌സില്‍ ഇരിപ്പിടം തേടാവൂ എന്ന അഭ്യര്‍ത്ഥനയും സംഘാടകര്‍ മുന്നോട്ടു വെക്കുന്നുണ്ട്. നിരവധി വൈദികരുടെ സേവനങ്ങള്‍ ലഭ്യമാവുന്നതിനാല്‍ കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യം അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും.

രൂപതാ മക്കള്‍ പരിശുദ്ധാരൂപിയില്‍ അഭിഷേകം പ്രാപിച്ചു ആത്മീയമായ ശക്തീകരണം ആര്‍ജ്ജിക്കുവാനും, സഭാ സ്‌നേഹവും, വിശ്വാസ തീക്ഷ്ണതയും കൂടുതല്‍ ഗാഢമാകുവാനും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപകരിക്കട്ടെ എന്നാശംസിക്കുകയും ഏവരെയും ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ദൈവ സ്‌നേഹത്തില്‍ ക്ഷണിക്കുന്നതായും വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല,ഫാ.മാത്യു കാട്ടിയാങ്കല്‍, ഫാ.സാജു പിണക്കാട്ട്, സഹകാരി തോമസ് ആന്റണി എന്നിവര്‍ അറിയിച്ചു.

Allianz Park Greenlands Lanes, Hendon, London NW4 1RL