ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നിലവിലെ പ്രവണത തുടർന്നാൽ 2035ഓടെ ഇംഗ്ലണ്ടിൽ അമിതവണ്ണവുമായി ബന്ധപ്പെട്ട ഹൃദയ – രക്തചംക്രമണ രോഗങ്ങൾ മൂലം ഏകദേശം 1.7 ലക്ഷം പേർ മരിക്കുമെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ (ബിഎച്ച്എഫ്) പഠനം മുന്നറിയിപ്പ് നൽകുന്നു. അടുത്ത പത്ത് വർഷത്തിനിടെ പ്രതിദിനം ശരാശരി 45 പേരുടെ ജീവൻ ഇത്തരം രോഗങ്ങൾ മൂലം നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. 2023ൽ മാത്രം ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) മൂലമുണ്ടായ ഹൃദ്രോഗങ്ങളാൽ 16,156 മരണങ്ങൾ ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയിരുന്നു.

അമിതവണ്ണം ധമനികളിൽ കൊഴുപ്പ് അടിയുന്നതിനും രക്തപ്രവാഹം തടസപ്പെടുന്നതിനും കാരണമാകുന്നതിലൂടെ ഹൃദയാഘാതത്തിന്റെയും സ്ട്രോക്കിന്റെയും സാധ്യത വർധിപ്പിക്കും. കൂടാതെ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ടൈപ്പ്–2 പ്രമേഹം എന്നിവയ്ക്കും അമിതവണ്ണം കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ മൂന്നിൽ രണ്ടുപേരും അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്നാണ് കണക്ക്.

ഈ മരണങ്ങൾ ഒഴിവാക്കാനാകുന്നതാണെന്നും ആരോഗ്യകരമായ ഭക്ഷണലഭ്യത വർധിപ്പിക്കുകയും ഭക്ഷ്യവ്യവസായത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നടപടികൾ അടിയന്തിരമായി വേണമെന്നും ബിഎച്ച്എഫ് ആവശ്യപ്പെട്ടു. രാജ്യത്ത് പൊണ്ണത്തടിയുടെ വ്യാപനം നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ പൊതുജനാരോഗ്യ രംഗത്ത് ഗുരുതര പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.











Leave a Reply