കൊല്ലം: ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി ആംബുലന്‍സില്‍ മരിച്ചു. കൊല്ലം ചാത്തന്നൂരില്‍വെച്ച് അപകടത്തില്‍പ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ബൈക്കുകള്‍ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടക്കുകയായിരുന്ന ഇവരെ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മുരുകനെ കൊട്ടിയൂരിലെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

മെഡിസിറ്റിയില്‍ മുരുകന് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം. രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. മുരുകന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തരമായി വെന്റിലേറ്റര്‍ നല്‍കണമെന്നും ആംബുലന്‍സിലുണ്ടായിരുന്നവര്‍ അറിയിച്ചെങ്കിലും അതും കേള്‍ക്കാന്‍ ആശുപത്രി തയ്യാറായില്ല. ആശുപത്രിക്കു മുന്നില്‍ രണ്ടു മണിക്കൂറോളം കാത്തുനിന്നിട്ടും ഇവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മുരുകനെ കൊണ്ടുപോയി. ഇവിടെയും വെന്റിലേറ്റര്‍ സൗകര്യം ലഭ്യമായില്ല. തിരിച്ച് കൊല്ലത്തെ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതനിടെ മരണം സംഭവിക്കുകയായിരുന്നു. ചികിത്സ കിട്ടാതെ ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നാണ് മുരുകന്‍ മരിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥീരികരിക്കുകയായിരുന്നു. ചികിത്സ നിഷേധിച്ച ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ ഐജി മനോജ് എബ്രഹാം നിര്‍ദേശം നല്‍കി. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കിയെന്നാണ് മെഡിസിറ്റി ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്.