നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയതിനെതിരെ പരാതി നൽകിയ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്കായി അന്വേഷണം ശക്തമാക്കി പനങ്ങാട് പൊലീസ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ശിൽപി ഗാർഡനിൽ താമസിച്ചിരുന്ന നിലമ്പൂർ സ്വദേശി കെ.വി. വിപിനെയാണ് പൊലീസ് തിരയുന്നത്.

ഇയാൾക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് മേയ് എട്ടിനു ഫോർട്ടു കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവിടെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്റ്റേഷൻ പരിധിയായ പനങ്ങാട് പൊലീസിനു കേസ് കൈമാറുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്യാനായില്ലെന്ന് പൊലീസ് പറയുന്നു. ഇയാൾ കോട്ടയത്തുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനമെന്ന് പനങ്ങാട് സിഐ പറഞ്ഞു. അതേസമയം, പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബോട്ടിം പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ഡേറ്റിങ് ആപ്് വഴിയാണ് വിവാഹബന്ധം വേർപെടുത്തിയ യുവതി വിപിനെ പരിചയപ്പെടുന്നത്. തുടർന്നു സിനിമയിൽ ചിലരെ പരിയപ്പെടുത്തി നൽകാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. ശേഷം യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ വീണ്ടും കൊച്ചിയിൽ എത്താൻ‍ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈറ്റില മെട്രോ സ്റ്റേഷനു സമീപം വന്ന യുവതിയെ അവിടെനിന്നു കാറിൽ കയറ്റിക്കൊണ്ടു ഹോട്ടൽ മുറിയിൽ പോയി ഭീഷണിപ്പെടുത്തി ശാരീരികമായി ദുരുപയോഗം ചെയ്തു. ‘ഇത്രയും പ്രായമായ നിനക്ക് ഇനി എന്തു നഷ്ടപ്പെടാനാണ്, പുറത്തു പറഞ്ഞാൽ നിനക്കു തന്നെയാണ് നഷ്ടം’ എന്നു പറഞ്ഞായിരുന്നു ആക്രമണം. ഇതിനിടെ യുവതിയുടെ കൊലുസ് കൈവശപ്പെടുത്തുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യുകയാണെന്നു പറഞ്ഞെങ്കിലും ചെയ്തില്ല. ആവശ്യം കഴിഞ്ഞു കാറിൽ കയറ്റി റോഡിൽ ഇറക്കി വിട്ടു.

വീണ്ടും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കി. ജോലി ചെയ്യുന്ന സ്ഥലത്തും താമസിക്കുന്ന ഇടങ്ങളിലുമെല്ലാം എത്തി പണം തട്ടുകയായിരുന്നു പതിവ്. ഇതോടെ പരാതി നൽകാൻ തീരുമാനിച്ചു. തുടർന്ന് വക്കീലിനെ ഉപയോഗിച്ച് ഇയാളെ ബന്ധപ്പെട്ട് പരാതി നൽകുകയാണെന്ന് അറിയിച്ചു. എന്നാൽ, പ്രശ്നം പറഞ്ഞു തീർക്കാമെന്നും കൊലുസിന്റെ പണം നൽകാമെന്നും പറഞ്ഞ് കൊച്ചിയിലെത്തി രണ്ടു പേരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ പ്രശ്നം തീർത്ത് കരാറുണ്ടാക്കി. എന്നാൽ കരാറിന്റെ കോപ്പി നൽകാതെ ഇയാൾ കടന്നു കളഞ്ഞു. ഇതിനിടെ വീണ്ടും ഇന്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തി

ഇന്ത്യയിൽനിന്നുള്ളതല്ലാത്ത നമ്പരിൽനിന്നു ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. വിപിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ഒരു അപകടം എന്നപോലെ കൊന്നു കളയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡൊഴിച്ചു കൊല്ലുമെന്നും പറഞ്ഞു. ഇതോടെയാണ് പരാതി നൽകുന്നത്. പൊലീസ് ശരീര പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയുമെല്ലാം ചെയ്തെങ്കിലും പ്രതിയെ പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

അതേസമയം, ഇത്തരത്തിലുള്ള പീഡനക്കേസ് പരാതികൾ ലഭിക്കുന്നതു വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിമാസം കൊച്ചി സിറ്റി പരിധിയിൽ മാത്രം പത്തു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ടെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ. സമാനമായ കേസുകളിൽ അടിയന്തര തുടർനടപടിയുണ്ടാകണമെന്നാണ് നിർദേശം.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിനു പൊലീസ് കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. മറൈൻഡ്രൈവിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം രണ്ടു മാസം വരെ വൈകിപ്പിച്ച സംഭവത്തിൽ കടുത്ത നാണക്കേടാണ് കൊച്ചി പൊലീസിനുണ്ടായത്. ഇതോടെയാണ് ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം ശക്തമാക്കണമെന്നു എസ്എച്ച്ഒമാർക്കു പൊലീസ് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലഭിച്ച സമാന പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയതു വാർത്തയായിരുന്നു.