ചില മനുഷ്യര്‍ അങ്ങനെയാണ് സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും വാര്‍ത്തയാക്കാറില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന് പറയുന്നത് പോലെ അവര്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ മെഗാതാരം മമ്മൂട്ടി ചെയ്ത ഒരു നന്മ നിറഞ്ഞ പ്രവൃത്തിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി, കുട്ടിക്ക് വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു. ഇന്നവള്‍ വളര്‍ന്ന് വലുതായി കുടുംബിനിയായി കഴിയുമ്പോള്‍ മെഗാതാരത്തിന്റെ മറ്റൊരു മുഖമാണ് മലയാളികള്‍ അറിയുന്നത്.

ജനിച്ച ഉടനെ തന്നെ സ്വന്തം അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ ഒരു നാടോടി സ്ത്രീയാണ് എടുത്ത് വളര്‍ത്തിയത്. കുറച്ച് കാലം ഭിക്ഷാടകയായ അവരുടെ കൂടെയായിരുന്നു. പിന്നെ അവരിലൊരാളായി അവളും മാറി. മൂന്ന് വയസ് മുതല്‍ അവളും ഭിക്ഷാടനത്തിന് ഇറങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നു. ഭിഷാടനത്തിന് കളക്ഷന്‍ കുറഞ്ഞാല്‍ ശാരീരികമായ ഉപദ്രവങ്ങള്‍ സഹിച്ച് അവള്‍ ജീവിച്ചു.

പിന്നീട് മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരത്തിനെ കാണുന്നത്. അവിടെ ഭിക്ഷയെടുക്കാന്‍ വേണ്ടി പോയപ്പോള്‍ വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു.

മമ്മൂക്ക അവളെ ശ്രദ്ധിച്ചു, കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പൊതുപ്രവര്‍ത്തകരെ കൊണ്ട് കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം മനസിലാക്കി. അങ്ങനെ ആ കുട്ടിയെ ഏറ്റെടുക്കാന്‍ അദ്ദേഹം തീകുമാനിക്കുകയായിരുന്നു.

പിന്നീട് ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി, പഠിപ്പിച്ചു. അവള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം നല്‍കി. ഇന്നിപ്പോള്‍ ആ കുട്ടി വളര്‍ന്ന് വലുതായി ഒരു കുടുംബിനി ആയി കഴിയുകയാണ് .ശ്രീദേവി എന്നാണ് ആ കുഞ്ഞിന്റെ പേര്. ഫ്ലവേഴ്സ് ചാനലില്‍ അവതരിപ്പിക്കുന്ന ഒരുകോടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ശ്രീദേവിയുടെ ജീവിത കഥ പുരം ലോകം അറിയുന്നത്.