ദിലീപിന്റെ നിരപാരിധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. 85 ദിവസത്തിനു ശേഷമാണ് ജാമ്യം കിട്ടിയതെന്നതില്‍ വിഷമം ഉണ്ട്. ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞാന്‍ സംസാരിച്ചില്ല. എന്റെ മകന്‍ വന്നിട്ട് പറഞ്ഞു നിര്‍ബന്ധമായും ദിലീപ് പപ്പയോട് സംസാരിക്കണമെന്ന് പറയുന്നു. ഞാന്‍ പറഞ്ഞു, എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് കിട്ടി. പിസി പറഞ്ഞു.

അന്നു രാത്രി രണ്ടു മണിയായപ്പോള്‍ നാദിര്‍ഷ വിളിച്ചു. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് നാദിര്‍ഷ. കാരണം ജോസഫും ഞാനും പാര്‍ട്ടിയില്‍ ഉള്ള സമയത്ത് നാദിര്‍ഷ ജോസഫിന്റെ സുഹൃത്തായിരുന്നു. നല്ലൊരു കലാകാരനാണ്. ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്നു പറയുന്നു. എങ്കില്‍ കൊടുക്കാന്‍ പറഞ്ഞു. ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ പറഞ്ഞു സന്തോഷവും വേണ്ട ദുഖവും വേണ്ട. ഇതെല്ലാം ദൈവഹിതമാണെന്ന് മനസ്സിലാക്കുക. വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതൊക്കെ എഴുതി വെച്ചിട്ടുണ്ട് അതാണ് നടക്കുന്നത്. കലാരംഗത്തേയ്ക്ക് ശക്തിയോടെ തിരിച്ചു വരിക നിരാശനാകാതിരിക്കുക എന്നു പറഞ്ഞു. തീര്‍ച്ചയായും കലാരംഗത്ത് നൂറു ശതമാനവും ശരിചെയ്തു പോകുമെന്ന് ദിലീപ് പറഞ്ഞുവെന്നും അഭിമുഖത്തില്‍ പിസി പറഞ്ഞു.

ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി. അദ്ദേഹത്തെ ജനങ്ങളുടെ മുന്നില്‍ ഇറക്കി വിടണമെന്ന് വാശിയുണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വെച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റി വെച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. ഞാന്‍ സുപ്രീംകോടതിയിലെ വക്കീലിനെ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. ദിലീപിനോട് പോലും ഇത് പറഞ്ഞിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് എന്റെ രണ്ടു മക്കളെ പിടിച്ച് സത്യം ഇടുന്നു. പക്ഷേ ഞാന്‍ കേരളത്തിലെ പൊതു പ്രവര്‍ത്തകനാണ്. ആത്മാര്‍ത്ഥമായി പൊതുജനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ശരിക്കു വേണ്ടി എവിടം വരെ പോകാനും തയ്യാറാണ്.

ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ്ജു വാര്യര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരുടെ മനസ്സ് കഠിനമാണ്. അവര്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ തന്നെയായിരുന്നു. മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നു? എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിനൊപ്പം പോകുന്നില്ല? അതും ഒരു പെണ്‍കുട്ടി. ഇപ്പോള്‍ മഞ്ജു വൈരാഗ്യം തീര്‍ക്കുകയാണെന്നും പിസി പറഞ്ഞു.