സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലേക്കു ഒളിഞ്ഞു നോക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. പ്രത്യേകിച്ചും സിനിമാ താരങ്ങളുടെ. നടീനടൻമാരുടെ കുടുംബ ജീവിതം, വിവാഹം, വിവാഹമോചനം, തർക്കങ്ങൾ ഇതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കാറുണ്ട്. നടി അർഥന ബിനു തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയാണ്. ഇൻസ്റ്റഗ്രമിലൂടെ പത്തു മിനിറ്റിലേറെ വരുന്ന വിഡിയോയിലൂടെയാണ് നടി തനിക്കു പറയാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത്.

എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ലെന്നു വിഡിയോയിൽ താരം പറയുന്നു. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.

അർഥനയുടെ വാക്കുകള്‍:

നമസ്കാരം ഞാൻ അർത്ഥന ബിനു,

എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതൽ ഒരു വ്യാജവാർത്ത പലപല തലക്കെട്ടുകളിലായി ഇടവേളകൾ വച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം 19–ന് പ്രചരിച്ച ഒരു വാർത്തയാണ് ആണ് ഇതിൽ അവസാനത്തേത്. ആ വാർത്ത ഞാൻ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാർത്താ ലിങ്കുകളുടെ അടിയിൽ വരുന്ന കമന്റുകൾ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത്.

പക്ഷേ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോൾ തോന്നുന്നു. ‘വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന’, ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് “ഞാൻ വിജയകുമാറിന്റെ മകൾ അല്ല” എന്നാണു. ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്ട്രിയിൽ വന്നത്.

2011–ൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്തിട്ടുണ്ട്. ചെറിയ റോൾ മുതൽ ചെയ്താണ് ഞാൻ കടന്നു വന്നത്. പൃഥ്വിരാജ് സാറിന്റെ ഒരു പരസ്യത്തിൽ ഞാൻ ഏറ്റവും പുറകിൽ ഒരു ബാഗ് പിടിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിയായി അഭിനയിച്ചിരുന്നു. 2016–ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലാണ് ഞാൻ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷവും ഞാൻ ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കുന്നത് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന നിലയിൽ എത്താൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്.

അതിനിടയിൽ എന്നെ ഇമോഷനലി തകർത്ത് എന്റെ പ്രൊഫഷനൽ ജീവിതത്തിൽ നിന്നും ശ്രദ്ധ മാറ്റി വ്യക്തിപരമായ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാർത്ത വരുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. ഒരു സ്വതന്ത്രവ്യക്തിയായി ജീവിച്ച് കുടുംബത്തെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന എന്നെപോലെ ഒരു കലാകാരിക്ക് വളരെ വിഷമമുണ്ടാക്കുന്ന കമന്റുകൾ ആണ് ഈ വാർത്തകൾക്കൊപ്പം വരുന്നത്.

എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ല. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.

ഇതിനു മുൻപ് വന്ന പല തലക്കെട്ടുകളും കണ്ട്, വാർത്ത നോക്കിയാൽ അറിയാം ഇതൊന്നും ഞാൻ പറഞ്ഞതല്ലെന്ന്. പലതിലും എന്റെ പേര് പോലും ശരിയായി അല്ല പറയുന്നത്. ചിലതിൽ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എൽസ എന്നാണ് എന്ന്. എന്റെ പേര് അർഥന ബിനു എന്നാണ് അതിനർഥം എന്റെ പേര് ബിനു എന്നാണന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖൽ എൽസ എന്നാണ്, അതുകൊണ്ടു എൽസ എന്നാകുന്നില്ല.

  വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടൻ റിസബാവ അന്തരിച്ചു

പിന്നെ പലതിലും പറയുന്നത് എന്റെ ആദ്യ സിനിമ മുദ്ദുഗൗ ആണ് എന്നാണ്. ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിലാണെന്ന്. എന്നെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ വാർത്തകൾ ഉണ്ടാക്കുന്നത്. ഈ വാർത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ എന്ന് ഉറപ്പുമില്ല. 2016 ൽ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങൾ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തിൽ നിന്നും വിളിച്ചപ്പോൾ എന്റെ പേര് ചോദിച്ചു ഞാൻ അർഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവർ ചോദിച്ചു ‘എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങൾ വിജയകുമാറിന്റെ മകൾ അല്ലെ’ എന്ന്.

‘അച്ഛനെപ്പറ്റി കൂടുതൽ പറയാൻ താല്പര്യപെടുന്നില്ല, ഓരോരുത്തർക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ’ എന്നാണു ഞാൻ പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുമ്പോൾ വിജയകുമാർ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാൻ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താല്പര്യമില്ല എന്ന്. പിന്നെ അവർ പലതും ചോദിച്ചു ഞാൻ മറുപടി പറഞ്ഞു. അതിനു ശേഷം ഞാൻ പല ഓൺലൈൻ മാധ്യമങ്ങളിലും കണ്ട വാർത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാൻ താല്പര്യമില്ല എന്നാണ്.

അങ്ങനെ പലപല തലക്കെട്ടുകളിലായി വാർത്തകൾ വരുന്നുണ്ട്. 2016–ൽ ആദ്യമായി ഇങ്ങനെ ഒരു വാർത്ത വന്നപ്പോൾ ഞാൻ വളരെ വിഷമിച്ചു. അന്ന് ഞാൻ അവരുടെ നമ്പർ കണ്ടുപിടിച്ച് അവരെ വിളിച്ചു, ഇങ്ങനെ ഒരു ന്യൂസ് കാണുന്നു അത് വ്യാജവാർത്തയാണ് അത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അവർ പറഞ്ഞത് ഡിലീറ്റ് ചെയ്യാൻ പറ്റില്ല വേണമെങ്കിൽ “ഞാൻ വിജയകുമാറിന്റെ മകളാണ്” എന്ന് അർഥന പറയുന്നതായി ഒരു ഇന്റർവ്യൂ കൊടുക്കാം എന്നാണ്. അന്ന് ഞാൻ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലമാണ്.

അഭിനയം കണ്ട് പ്രേക്ഷകർ എന്നെ വിലയിരുത്തിയാൽ മതി എന്നായിരുന്നു എന്റെ ആഗ്രഹം, ഞാൻ അന്ന് ആ കോൾ കട്ട് ചെയ്തു. പക്ഷേ ഈയിടെയായി ഈ വാർത്ത വരുന്ന മാധ്യമങ്ങളുടെ എണ്ണവും അത് എടുത്തു റീപോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. എന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് ഞങ്ങൾ താമസിക്കുന്നത്. ഇത്രയും നാൾ ഞങ്ങളുടെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. ഇപ്പൊ അപ്പച്ചൻ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അമ്മയും അമ്മച്ചിയും അനുജത്തിയും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്.

നിങ്ങളൊക്കെ ജോലി ചെയ്യുന്നതുപോലെ എന്റെ ആഗ്രഹങ്ങളെ പിന്തുടർന്നാണ് ഞാനും ജീവിക്കുന്നത്. ഇങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരുന്നത് എന്നെ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്ന കാര്യമാണ്. ഒരുപക്ഷേ നിങ്ങൾക്കാർക്കും എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരിക്കാം. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല, കാരണം ഞാൻ അത് അനുഭവിച്ചിട്ടില്ല.

പക്ഷേ സിനിമാമേഖലയിൽ എനിക്ക് ബന്ധമുള്ള ഒരാൾ എനിക്കെതിരെ പ്രവർത്തിക്കുകയും എനിക്ക് വരുന്ന ഓഫറുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. എന്നിട്ടും ഞാൻ ധൈര്യമായി നിൽക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. അതുകൊണ്ടു മറ്റുള്ളവരുടെ കാര്യം അറിയില്ലെങ്കിൽ അവരെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകളും കമന്റുകളും ഇടാതെ നോക്കുക. എല്ലാവരും പലതരത്തിലുള്ള പ്രശ്നങ്ങളുള്ളവരും അതിനെ അതിജീവിക്കാൻ നോക്കുന്നവരുമായിരിക്കും. മറ്റുള്ളവരെപ്പറ്റി അറിയാത്ത കാര്യങ്ങൾ പറയുന്നതിനേക്കാൾ നല്ലത് അവരെപ്പറ്റി മിണ്ടാതിരിക്കുകയാണ് അല്ലെങ്കിൽ പിന്തുണച്ച് നല്ല വാക്കുകൾ പറഞ്ഞാൽ അത് അവർക്ക് ഒരുപാടു സഹായകമായിരിക്കും.