നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ കണ്ടിട്ടുണ്ടെന്നും അത് വ്യക്തമാവാന്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിനെതിരെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെയും അതിജീവിതയുടേയും ഹര്‍ജികള്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസാണ് പരിഗണിച്ചത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും എന്നാല്‍ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നെയെങ്ങനെ ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുമെന്ന് കോടതി ആരാഞ്ഞു. വിചാരണക്കോടതിയെ ആക്രമിക്കുന്നതു നോക്കി നില്‍ക്കാനാകില്ലെന്നു പറഞ്ഞ കോടതി, വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്നും ചോദിച്ചു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നു പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ട്. പരിശോധനയയ്ക്കു രണ്ടോ മൂന്നോ ദിവസം മതിയെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തുവെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ആരാഞ്ഞു.ദൃശ്യം ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കോടതിയിലുള്ളത് തന്നെ പീഡിപ്പിക്കുന്ന ദൃശ്യമാണ്. അതു പുറത്ത് പോയാല്‍ എന്റെ ഭാവി എന്താകും? കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യം ആരോ പരിശോധിച്ചു. അതില്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

എന്നാല്‍, മെമ്മറി കാര്‍ഡില്‍നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി അതിജീവിതയോട് വ്യക്തമാക്കി. കേസില്‍ വാദം നാളെയും തുടരും. വിചാരണക്കോടതിയില്‍ ഹാജരാക്കിയ ഫോറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.