നടൻ ദിലീപ് പ്രതിയായ കേസിൽ ദിലീപിന് അനുകൂലമായി മാധ്യമങ്ങൾക്ക് മുന്നിൽ താൻ മുമ്പ് മൊഴി നൽകിയത് എന്തിനെന്ന് വെളിപ്പെടുത്തി മാപ്പുസാക്ഷിയായ വിപിൻ ലാൽ. നടിയെ ആക്രമിച്ചതിൽ ദിലീപിന് പങ്കില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ താൻ നേരത്തെ പറഞ്ഞത് ഭയം മൂലം ആയിരുന്നുവെന്ന് വിപിൻ ലാൽ വെളിപ്പെടുത്തുന്നു. ആ സമയത്ത് താനും ജയിലിലായിരുന്നു. ജയിലിൽ ഉള്ള സമയത്ത് ദിലീപിനെതിരെ പറയണ്ടെന്നും കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജയിലിനുള്ളിൽ നിന്നുള്ള ചിലർ അന്ന് പറഞ്ഞത് അനുസരിച്ചാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ ലാൽ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

അതേസമയം, തനിക്കും കുടുംബത്തിനും നേരെ തുടർച്ചയായി ഭീഷണിക്കത്തുകൾ വരുന്നുണ്ടെന്ന വിപിൻ ലാലിന്റെ പരാതിയിൽ പോലീസ് നടപടി ആരംഭിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് എതിരെ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും പോലീസിന് നൽകിയ മൊഴിയും വിചാരണ കോടതിയിൽ തിരുത്തി പറയണമെന്ന് ആവശ്യപ്പെട്ടാണ് തനിക്ക് ഭീഷണിക്കത്തുകൾ ലഭിക്കുന്നതെന്ന് വ്യക്തമാക്കിയാണ് വിപിൻ ലാൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

‘ആദ്യം അവർ വന്ന് തന്റെ ബന്ധുവിനോട് സംസാരിച്ചു. ദിലീപിന്റെ ആളുകളെന്നായിരുന്നു പറഞ്ഞത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് അറിയിച്ചു. പിന്നീടാണ് ഭീഷണിക്കത്തുകൾ വന്നുതുടങ്ങിയത്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. ‘നിന്നെ വന്ന് കണ്ടതല്ലേ, എന്നിട്ടും മൊഴി മാറ്റില്ലെന്നാണോ, എങ്കിൽ നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. കുടുംബത്തിലേക്കാണ് കത്ത് വന്നത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്’ വിപിൻ പറയുന്നു. ഭീഷണിക്കത്തുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും വിപിൻ വ്യക്തമാക്കി.

കാസർകോട് കോട്ടിക്കുളം സ്വദേശിയായ വിപിൻ ലാൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ സഹ തടവുകാരനായിരുന്നു. ഈ സമയത്ത് ഇയാൾക്ക് കത്ത് എഴുതി നൽകിയത് വിപിൻ ആയിരുന്നു.