നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നത് തന്റെ വിഷയമല്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു.

നടനും എം.എല്‍.എയുമായ മുകേഷിന് സംഭവത്തി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. മുന്‍പും നടിമാര്‍ക്കെതിരെ പള്‍സര്‍ സുനി ആക്രമണം നടത്തിയപ്പോഴൊന്നും അമ്മയൂം സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല. ദിലീപ് കുറ്റക്കാരനാണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നില്ല. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരെ ചുമന്നുകൊണ്ട് നടക്കുന്ന ഒരു എ.ഡി.ജി.പിയുണ്ട്. ഇവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നാടകമായിരുന്നു. ദിലീപിനെ പോലീസ് ക്ലബില്‍ കൊണ്ടുവന്നതല്ലാതെ അവിടെ ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല.

ഈ നടിയെ മാത്രമല്ല, പ്രമുഖരായ മറ്റു രണ്ട് നടിമാരെ കൂടി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയിരുന്നു. എന്തുകൊണ്ട് പോലീസ് ഇക്കാര്യം സുനിയോട് ചോദിക്കുന്നില്ല. ദിലീപിന്റെ മാത്രം സാമ്പത്തിക കാര്യം അന്വേഷിച്ചാല്‍ മതിയോ എന്നും ജോര്‍ജ് ചോദിച്ചു.