വേളാങ്കണ്ണി മാതാവ്, അമ്മേദേവി, എന്റെ മാനസപുത്രി തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലൂടെ വന്ന് മലയാള സിനിമയിലെ മുന്‍നിര നായിക നിരയിലേക്കെത്തിയ താരമാണ് നമിതാ പ്രമോദ്. പ്രമുഖ സംവിധായകര്‍ക്കൊപ്പവും സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള നടന്‍മാര്‍ക്കൊപ്പവും ഒട്ടേറേ ഹിറ്റ് ചിത്രങ്ങളില്‍ നമിതയെത്തി. എന്നാല്‍ പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടനം ഇനിയും നമിത പ്രമോദില്‍ നിന്നുമുണ്ടായിട്ടില്ല എന്നതാണ് സത്യം. ഇതുവരെ ചെയ്ത സിനിമകളിലെല്ലാം പേരിന് ഒരു നായികയായി ഒതുങ്ങുകയായിരുന്നു നമിത പ്രമോദ് എന്ന് ആ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. നമിതയുടെ പരിമിതികള്‍ കണക്കിലെടുത്ത് സംവിധായകര്‍ ഇത്തരം വേഷങ്ങളിലേക്ക് ഒതുക്കുന്നതാണോ എന്ന ഒരു സംശയവും നിലനില്‍ക്കുന്നുണ്ട്.
ഇതുവരെ നമിത ചെയ്തിരിയ്ക്കുന്ന സിനിമകളില്‍ അല്‍പ്പമെങ്കിലും നമിതയ്ക്ക് ഓര്‍ത്തുവെക്കാനാകുന്നതും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതും ആദ്യമായി നായികയായെത്തിയ സത്യന്‍ അന്തിക്കാട് ചിത്രം പുതിയ തീരങ്ങള്‍ മാത്രമായിരുന്നു. അതിലെ താമരയെന്ന കഥാപാത്രം നമിതയിലെ നടിയെ സിനിമാ ലോകത്തിന് പരിചയെപ്പെടുത്തിയെങ്കിലും പിന്നീടുള്ള ചിത്രങ്ങളില്‍ നായകന് പ്രണയിക്കാനുള്ള, ആടിപ്പാടി നടക്കാനുള്ള ഒരു കഥാപാത്രമായി മാത്രം ഈ നടി അവതരിച്ചു. നമിതയുടെ ആദ്യ ചിത്രമായ ട്രാഫിക്കിലെ റിയ എന്ന കഥാപാത്രത്തെ ഇവിടെ മറക്കുന്നില്ല.

നായികമാരുടെ ശ്രേണിയില്‍ ഒരു മത്സരം തന്നെ നടക്കുമ്പോള്‍ നായകനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളിലൂടെ നമിതാ പ്രമോദെന്ന നായിക എത്രത്തോളം ദൂരം പോകുമെന്ന് കണ്ടറിയണം. മികച്ച സംവിധായകര്‍ക്കൊപ്പമുള്ള പ്രവൃത്തിപരിചയം മാത്രം മതി ഈ യുവതാരത്തിന് മികച്ച കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ് സ്വീകരിക്കാന്‍. ഇനിയുള്ള വര്‍ഷങ്ങള്‍ നമിതാ പ്രമോദിന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നതിനൊപ്പം മികച്ച കഥാപാത്രങ്ങള്‍ കൂടി കണ്ടെത്തേട്ടെയെന്ന് നമുക്ക് ആശംസിക്കാം

2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ പന്ത്രണ്ട് സിനിമകളാണ് നമിതാ ചെയ്തത്. ചുരുങ്ങിയ കാലത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമാകാനായി. യുവ നായികമാര്‍ക്ക് കിട്ടാത്ത അപൂര്‍വം ചില ഭാഗ്യമായി തന്നെ കാണണം ഇതിനെ. 2015ല്‍ നമിത നായികയായി വന്ന മൂന്ന് ചിത്രങ്ങളാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ട മണി എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. 2013ലും 14ലും ആണെങ്കില്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളും നടിയെന്ന പേരില്‍ നമിതയുടെ വിജയചിത്രങ്ങളാണ്.