യുവാവ് പ്രണയത്തിൽ നിന്നും പിന്മാറിയതോടെ പ്രണയനഷ്ടം സംഭവിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യാനായി പാറമുകളിൽ കയറിയത് നാടിന്റെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും അവസരോചിതമായി ഇടപെട്ട് പോലീസ്. ഒടുവിൽ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി താഴെയിറക്കുകയായിരുന്നു.

അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിലാണ് തലമാലി സ്വദേശിനിയായ പെൺകുട്ടി ജീവനൊടുക്കാനായി കയറിയത്. അടിമാലി എസ്‌ഐ കെഎം സന്തോഷ്‌കുമാറും സംഘവുമാണ് പെൺകുട്ടിയെ രക്ഷിച്ചത്.

ഇരുപത്താറുകാരിയായ യുവതി സ്വന്തംനാട്ടുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവ് പ്രണയത്തിൽനിന്ന് പിന്മാറി. ഇതോടെ നിരാശയിലായ യുവതി ബുധനാഴ്ച പുലർച്ചെയോടെ ജീവനൊടുക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു. അടിമാലി ടൗണിൽനിന്ന് കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടിലേക്കാണ് യുവതി കയറിപ്പോയത്. മഴയായതിനാൽ വഴുക്കലുള്ളതിനാൽ തന്ന അെപകടസാധ്യത ഏറെയുമാണ്.

ബുധനാഴ്ച രാവിലെ ഒരു പെൺകുട്ടി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന് കണ്ടിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. അടിമാലി എസ്‌ഐ കെഎം സന്തോഷ്, അബ്ബാസ് എന്നിവർ മലമുകളിലേക്ക് എത്തി. പെൺകുട്ടിയുടെ സമീപത്തേക്ക് കുതിച്ചെത്തിയ പോലീസ് പെൺകുട്ടിയോട് ഇറങ്ങിവരാൻ പറഞ്ഞെങ്കിലും ആദ്യം തിരികെ വരാൻ തയ്യാറായില്ല.

തുടർന്ന് കാരണം തിരക്കിയപ്പോഴാണ്, താൻ ജീവനൊടുക്കാൻ പോകുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞത്. കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് പെൺകുട്ടി നിലയുറപ്പിച്ചിരുന്നത്. ഒരുമണിക്കൂറോളം പോലീസ് പെൺകുട്ടിയുമായി സംസാരിച്ചു. പെൺകുട്ടി പറയുന്നതെല്ലാം ശ്രദ്ധാപൂർവം ക്ഷമയോടെ പോലീസ് കേട്ടു. തുടർന്ന് സംസാരത്തിനിടെ പെൺകുട്ടിയുടെ മാനസികസംഘർഷത്തിന് ഇളവുവരുത്തിയ പോലീസ് ഏതുപ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പ് നൽകി.

അനുനയ ശ്രമത്തിന് ഒടുവിൽ യുവതി പോലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു. പെൺകുട്ടി പറഞ്ഞ യുവാവിനോടും ഇരുകൂട്ടരുടെയും ബന്ധുക്കളോടും അടുത്തദിവസം സ്റ്റേഷനിലെത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.