അതെ, ദുബായിൽ പഠിക്കുന്ന തിരുവല്ല സ്വദേശിയായ ഈ മിടുക്കൻ 13–ാം വയസ്സിൽ സ്വന്തമായി ഒരു സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ് കമ്പനിയുടെ ഉടമസ്ഥനാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആദിത്യന്റെ ടെക്‌ലോകവുമായുള്ള ബന്ധം. ഒൻപതാം വയസ്സിൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചാണ് ഈ മിടുക്കൻ ആദ്യം ഞെട്ടിച്ചത്. ഇപ്പോൾ 13–ാം വയസ്സിൽ സോഫ്റ്റ്‍വെയർ കമ്പനിയുടെ സിഇഒ. ആവശ്യക്കാർക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈൻ തുടങ്ങിയ ജോലികളും ആദിത്യൻ ചെയ്യുന്നു.
അഞ്ചാം വയസ്സു മുതലാണ് ഈ മലയാളി മിടുക്കൻ കംപ്യൂട്ടർ ഉപയോഗിച്ചു തുടങ്ങുന്നത്. ഇപ്പോൾ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയുടെ സിഇഒ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതിയും ആദിത്യന് സ്വന്തം. തിരുവല്ലയിലാണ് ആദിത്യൻ ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ കുടുംബം ദുബായിലേക്ക് വന്നു. ആദ്യമായി പിതാവ് കാണിച്ചു തന്നെ വെബ്സൈറ്റ് ബിസിസി ടൈപ്പിങ്ങ് ആണ്. എങ്ങനെയാണ് കുട്ടികളെയും വിദ്യാർഥികളെയും ടൈപ്പിങ്ങ് പഠിപ്പിക്കുക എന്നതായിരുന്നു ഇതിൽ പറഞ്ഞിരുന്നതെന്ന് ആദിത്യൻ ഒാർക്കുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന ആദിത്യന്റെ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയിൽ മൂന്നു ജീവനക്കാരുണ്ട്. ആദിത്യന്റെ സ്കൂളിലെ തന്നെ വിദ്യാർഥികളും സുഹൃത്തുക്കളുമാണിവർ. പ്ലേ സ്റ്റോർ പോലെയുള്ള ഒരു പ്ലാറ്റ്ഫോം നിർമിക്കുകയായിരുന്നു ആദിത്യൻ ആദ്യം ചെയ്തത്. ടെക് ലോകത്തെ വിശേഷങ്ങളും ഗെയിമിങ്ങ് വിശേഷങ്ങളും പങ്കുവയ്ക്കുന്ന ‘എ ക്രേസി’ എന്ന പേരിൽ ഒരു യൂട്യൂബ് പേജും ആദിത്യനുണ്ട്.
18 വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ആദിത്യൻ, എങ്കിൽ മാത്രമേ സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. എങ്കിലും ഇപ്പോൾ ഒരു കമ്പനി പോലെയാണ് പ്രവർത്തിക്കുന്നത്. പന്ത്രണ്ടോളം പേരാണ് ഈ 13കാരനുമായി ഇടപാട് നടത്തിയത്. ഡിസൈൻ, കോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഉള്ളത്. പൂർണമായും സൗജന്യമായാണ് ഇവ ചെയ്തതെന്നും ആദിത്യൻ പറയുന്നു.
Leave a Reply