ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അഫ്ഗാൻ അഭയാർത്ഥിയായ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. തെക്ക്-പടിഞ്ഞാറൻ ലണ്ടൻ പാർക്കിൽ വെച്ചാണ് ദാരുണമായ സംഭവം.2021 ഒക്ടോബർ 12 ന് ട്വിക്കൻഹാമിലെ ക്രെയ്ൻഫോർഡ് വേ പ്ലേയിംഗ് ഫീൽഡിൽ വെച്ചാണ് ഹസ്രത്ത് വാലി ആക്രമിക്കപ്പെട്ടത്. 20 സെന്റീമീറ്റർ ആഴത്തിലാണ് മുറിവേറ്റത്. ആക്രമണത്തെ തുടർന്ന് അമിതമായി രക്തസ്രാവം ഉണ്ടാവുകയും, അതിനെ തുടർന്നായിരുന്നു മരണമെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

സംഭവത്തിൽ പ്രതിയായ 17 വയസുകാരൻ കുറ്റം നിഷേധിച്ചു രംഗത്ത് വന്നു. വാലിയുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടർ ജേക്കബ് ഹലാം കെസി കോടതിയെ അറിയിച്ചു.

പ്രതിയുടെ കൈവശമുള്ള കത്തി പെൺകുട്ടി കണ്ടത് സാക്ഷി മൊഴിയായി കോടതി സ്വീകരിച്ചു . ഇത് ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. തമ്മിൽ വാക്കുതർക്കം തുടർന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. തുടർന്ന് വാലി പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. തിരികെ എത്തിയശേഷം കുഴഞ്ഞു വീഴുകയായിരുന്നു. സംഭവസമയത്ത് പിടിച്ചു മാറ്റാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും നടന്നില്ല.