ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസ് ഏജൻസി എം ഐ 5 ഏജന്റ് നിരവധി തവണ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ പങ്കാളി. ഇന്റലിജൻസ് ഏജൻസികളുടെ നേതൃത്വം വഹിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ട്രിബ്യൂണലിനാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി നൽകിയ ആളുടെ പേര് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൽ എം ഐ 5 ഏജന്റ് തന്റെ സെക്യൂരിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് തന്റെ പങ്കാളിയെ വരുതിയിലാക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇയാൾ തന്റെ ആയുധമുപയോഗിച്ച് ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഏജൻസി ഇദ്ദേഹത്തെ റിക്രൂട്ട് ചെയ്തതെന്ന് അന്വേഷണ വിധേയമാക്കണമെന്ന് യുവതി തന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എം ഐ 5, എം ഐ 6, തുടങ്ങിയ ഇന്റലിജൻസ് ഏജൻസികളെ സംബന്ധിക്കുന്ന കംപ്ലൈന്റുകൾ അന്വേഷിക്കുന്ന സ്വതന്ത്ര ഏജൻസി ആണ് ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ട്രിബ്യൂണൽ. എം ഐ 5 പരാതിക്കാരിയായ സ്ത്രീയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് തെളിഞ്ഞാൽ, എല്ലാ ഏജൻസികളുടെയും റിക്രൂട്ട്മെന്റ് രീതിയെ ഇത് ബാധിക്കും. ഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന ആളുകൾ എത്രത്തോളം മറ്റുള്ളവർക്ക് അപകടഭീഷണി ഉണ്ടാക്കുന്നുവെന്ന് ചിന്തിക്കുവാൻ ഏജൻസികളെ ഈ കേസ് പ്രേരിപ്പിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആരോപണം ഉന്നയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ പേരും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഈ കേസ് സംബന്ധിച്ച് വ്യക്തമായും സ്വതന്ത്രമായും അന്വേഷണം ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി ഉറപ്പാക്കണമെന്ന് ലേബർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ഗവൺമെന്റ് മനപ്പൂർവ്വം മറച്ചുവയ്ക്കുകയാണെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.