ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് യാത്രക്കാരെ ഇ-വിസ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നയം ഇന്ത്യ ഉടൻ തന്നെ തിരുത്തിയേക്കുമെന്നുള്ള അറിയിപ്പാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. ഈ തീരുമാനം അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ ഉണ്ടാകുമെന്ന് ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ വിസയ്ക്കായി ബ്രിട്ടീഷ് പൗരന്മാർ നേരിട്ട് അപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഈ പ്രക്രിയ ഓൺലൈൻ ഇ-വിസയേക്കാൾ വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. യുകെയിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങളിൽ അപ്പോയിന്റ്മെന്റിനായി ഒരു നീണ്ട കാത്തിരിപ്പ് പട്ടിക തന്നെയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒക്ടോബറിന്റെ തുടക്കത്തിൽ ഇന്ത്യ വളരെ പെട്ടെന്ന് വിസ നിയമങ്ങൾ മാറ്റിയിരുന്നു. ഇതിൻ പ്രകാരം സന്ദർശകർക്ക് സ്പെഷ്യലിസ്റ്റ് സ്ഥാപനങ്ങൾ വഴി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഒമ്പത് പ്രോസസ്സിംഗ് സെന്ററുകളിലൊന്നിലേക്ക് യാത്രക്കാർ നേരിട്ടെത്തി മാത്രമേ വിസയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കൂ എന്നുള്ളതായിരുന്നു പുതിയ മാറ്റം. എന്നാൽ കൃത്യ സമയത്ത് വിസ ലഭിക്കാത്തത് മൂലം നിരവധി ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ആണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്.
നിലവിലുള്ള ഈ വെല്ലുവിളിയെ സംബന്ധിച്ച് തങ്ങൾക്ക് ബോധ്യമായതായും, ഇത് വളരെ ഉയർന്ന തലത്തിൽ പരിഗണനയിലാണെന്നും, അതിനാൽ തന്നെ ഇത് വളരെ വേഗം പരിഹരിക്കപ്പെടുമെന്നും ഇന്ത്യൻ ടൂറിസം മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി രാകേഷ് കുമാർ വർമ്മ ഇൻഡിപെൻഡൻഡ് ന്യൂസിനോട് വ്യക്തമാക്കി. ഇൻബൗണ്ട് ടൂറിസം പകർച്ചവ്യാധിക്ക് മുൻപുള്ള സാഹചര്യത്തിലേക്ക് എത്തിക്കുവാൻ ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനത്തിന് പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം. കേരളം, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ പവലിയന്റെ ഔപചാരികമായ ഉദ്ഘാടനം ടൂറിസം മന്ത്രാലയം സെക്രട്ടറി അരവിന്ദ് സിംഗ്, യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി എന്നിവർ ചേർന്ന് നിർവഹിച്ചു. നിലവിലെ സാഹചര്യത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ തീരുമാനം കൊണ്ട് കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Leave a Reply