ജയ്പൂര്‍: വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി 114 യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് ആറു മണിക്കൂര്‍. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ തയാറായി നിന്ന യാത്രക്കാരാണ് വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി ആറു മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നത്.

കഴിഞ്ഞ ബുധനാഴ്ച 1.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് രാത്രി എട്ടു മണി വരെ വെകിയത്. ടയറിന്റെ കാറ്റു പോയി എന്നും അത് മാറിയ ശേഷം വിമാനം പുറപ്പെടുമെന്നുമാണ് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് അധികൃതര്‍ അറിയിച്ചത്. ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ടയറിന്റെ തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും ടേക്ക് ഓഫിന് സമയമായപ്പോള്‍ മാത്രമാണ് തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ജോധ്പൂര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിക്കുകയായിരുന്നു. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും, 30 പേര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.