മാസ്സ് എന്ന് പറഞ്ഞാല്‍ പോര മരണമാസ്. ടാറ്റയുടെ ചിറകിലേറിയുള്ള എയര്‍ ഇന്ത്യയുടെ തിരിച്ചുവരവിനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ച എയര്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു തിരിച്ചുവരവുണ്ടാകുമെന്ന് എതിരാളികള്‍ പോലും കരുതിക്കാണില്ല. ലോകത്തെ മുന്‍നിര വിമാനക്കമ്പനികളെ പോലും ഞെട്ടിച്ചാണ് 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടത്. ഫ്രഞ്ച് വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയുമായാണ് കരാര്‍. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാറാണിത്. ഇതോടെ ആഗോള വ്യോമയാന മേഖലയിലെ മുന്‍നിര ശക്തികളിലൊന്നായി എയര്‍ ഇന്ത്യ മാറും.

സുപ്രധാന കരാര്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് മാത്രമല്ല യുഎസിനും ഫ്രാന്‍സിനും ബ്രിട്ടണും വലിയ നേട്ടമാണ് സമ്മാനിച്ചത്. ഈ മൂന്ന് രാജ്യങ്ങളിലും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഇടപാട് വഴി സമ്പന്ന രാജ്യങ്ങളില്‍ ഇത്രയധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നത് ഒട്ടും ചെറിയ കാര്യമല്ല. ഇടപാടിന് പിന്നാലെ യുഎസും ഫ്രാന്‍സും ബ്രിട്ടണും ഇന്ത്യയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതും കരാര്‍ വഴി അവര്‍ക്ക് എത്രമാത്രം നേട്ടമുണ്ടെന്നതിന്റെ തെളിവാണ്. ലോക വ്യോമയാന മേഖലയിലും കരാര്‍ വലിയ സാധ്യതകള്‍ തുറക്കും. ഇന്ത്യയുടെ സാമ്പത്തിക-തൊഴില്‍-വിനോദ സഞ്ചാര മേഖലകളിലും ഇത് പ്രതിഫലിക്കും.

എയര്‍ ഇന്ത്യ-ബോയിങ് ഇടപാടിലൂടെ അമേരിക്കയിലെ 44 സംസ്ഥാനങ്ങളിലായി 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടും. മറ്റാരുമല്ല, ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ അമേരിക്കന്‍ തൊഴില്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തം. ഇരുരാജ്യങ്ങളിലേയും രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ സംബന്ധിച്ച വിവരം അമേരിക്കന്‍ പ്രസിഡന്റ് തന്നെ നേരിട്ട് പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതാണ്. എയര്‍ ഇന്ത്യയുടെ ഇടപാടിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ബൈഡന്‍ ഇതുവഴി ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എയര്‍ബസുമായുള്ള കരാര്‍ പ്രഖ്യാപനവും ഇരുരാജ്യങ്ങളിലേയും ഭരണതലവന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ടാറ്റ സണ്‍സ്‌ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് കരാര്‍ വിവരം പ്രഖ്യാപിച്ചത്. കരാര്‍ രാജ്യത്തെ വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവയ്പ്പെന്നാണ് മോദി വിശേഷിപ്പച്ചത്. ഇതിലൂടെ ഇന്ത്യ-ഫ്രഞ്ച് ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും മോദി പ്രതികരിച്ചിരുന്നു. കരാറിലൂടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുകയാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്.

കരാറിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇടപാടിനെ സ്വാഗതംചയ്തിരുന്നു. പുതിയ വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറെയും ബ്രിട്ടണിലാണ് നടക്കുക. കോടികളുടെ നിക്ഷേപവും നിരവധി തൊഴില്‍ സാധ്യതയും കരാറിലൂടെ ബ്രിട്ടണില്‍ ലഭിക്കുമെന്നും ഇന്ത്യയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഋഷി സുനക് വ്യക്തമാക്കിയിരുന്നു.

എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 220 വിമാനങ്ങളും വാങ്ങാനാണ് ധാരണ. അടുത്ത പത്തുവര്‍ഷം ഇതേ കരാറിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 370 വിമാനങ്ങള്‍കൂടി അധികമായി വാങ്ങാനും കരാറില്‍ വ്യവസ്ഥയുണ്ട്. 470 വിമാനങ്ങള്‍ വാങ്ങിയ അതേ നിരക്കില്‍ തന്നെ 370 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ കഴിയുമെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ ആകെ 840 വിമാനങ്ങളാകും എയര്‍ ഇന്ത്യയുടെ ഭാഗമാകുക. ടാറ്റ ഏറ്റെടുത്ത ശേഷം പുതിയ വിമാനം വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ ഇടപാടാണിത്.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2006ലാണ് അവസാനമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. അന്ന് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ 68 എണ്ണം ബോയിങ്ങില്‍ നിന്നും 43 എണ്ണം എയര്‍ബസില്‍ നിന്നുമായിരുന്നു. എയര്‍ ഇന്ത്യയെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴക്കംചെന്ന ഈ വിമാനങ്ങളുടെ സ്ഥാനത്തേക്ക് പുത്തന്‍ വിമാനങ്ങളുടെ വരവ്.

3,400 കോടി ഡോളര്‍ (2.80 ലക്ഷം കോടി രൂപ) ചെലവിലാണ് ബോയിങ്ങില്‍നിന്ന് വിമാനം വാങ്ങുക. ഡോളറില്‍ കണക്കാക്കുമ്പോള്‍ ബോയിങ്ങിന്റെ ഇതുവരെയുള്ളതില്‍ മൂന്നാമത്തെ വലിയ കരാറാണിത്. എയര്‍ബസുമായുള്ള കരാര്‍ കൂടി ചേരുമ്പോള്‍ ആകെ ചെലവ് ആറ് ലക്ഷം കോടി രൂപ കടക്കും. ഒന്നിച്ചുള്ള വലിയ ഓര്‍ഡര്‍ ആയതിനാല്‍ തുകയില്‍ വലിയ ഇളവും എയര്‍ ഇന്ത്യയ്ക്ക് ലഭിക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ ഐഎംഎഫ് സഹായത്തിനായി കൈനീട്ടിയിരിക്കുമ്പോഴാണ് ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഇന്ത്യന്‍ കമ്പനിയുടെ കരാര്‍ എന്നതും ശ്രദ്ധേയമാണ്.

ആറ് ലക്ഷം കോടി രൂപ വലിയൊരു സംഖ്യയാണ്. ഇത്ര ഉയര്‍ന്ന തുക മുടക്കി ഒരു കരാറില്‍ ഒപ്പുവെക്കണമെങ്കില്‍ അതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടന്നിട്ടുണ്ടാകണം. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തന്നെ കരാറിനുള്ള നീക്കങ്ങള്‍ ടാറ്റ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.

മാസങ്ങള്‍ നീണ്ട രഹസ്യചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറില്‍ അന്തിമ തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഡിസംബറോടെ ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള സെന്റ് ജെയിംസ് കോര്‍ട്ട് ആഡംബര ഹോട്ടലിലായിരുന്നു ചര്‍ച്ചകളുടെ കേന്ദ്രം. ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ചര്‍ച്ചകള്‍ക്കായി വിമാന നിര്‍മാതാക്കളും എന്‍ജിന്‍ ഭീമന്‍മാരും ദിവസങ്ങളോളം ഹോട്ടലില്‍ തങ്ങിയിരുന്നുവെന്നും ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കേരളം, ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സീഫുഡ് വിഭവങ്ങള്‍ക്ക് പേരുകേട്ട ഈ ഹോട്ടലില്‍ കഴിഞ്ഞ ഡിസംബറിലെ ഒരുരാത്രിയില്‍ അത്താഴവിരുന്നോടെയാണ് സുപ്രധാന ചര്‍ച്ചകള്‍ അവസാനിച്ചത്.

470 വിമാനങ്ങള്‍ എന്നത് ഇത്ര വലിയ സംഖ്യയാണോ? സ്വഭാവികമായും ചിലരെങ്കിലും സംശയിച്ചേക്കാം. എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ആകെ എണ്ണം അറിഞ്ഞാല്‍ പുതിയ കരാര്‍ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടും. 113 വിമാനങ്ങളാണ് നിലവില്‍ എയര്‍ ഇന്ത്യയ്ക്കുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ കൂടി ചേര്‍ത്താലും ആകെ വിമാനങ്ങളുടെ എണ്ണം 140നുള്ളില്‍ ഒതുങ്ങും. എയര്‍ ഏഷ്യ, ടാറ്റയ്ക്ക് പങ്കാളിത്തമുള്ള വിസ്താര എന്നിവ കൂടി ചേര്‍ന്നാലും എണ്ണം 220നപ്പുറം കടക്കില്ല. ഇതിന്റെ ഇരട്ടിയിയേലറെ വിമാനങ്ങളാണ് പുതുതായി വരുന്നത്. ഇതോടെ എയര്‍ ഇന്ത്യയുടെ ആകെ വിമാനങ്ങളുടെ എണ്ണം 600 കടക്കും. രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ മേഖലയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്‍ഡിഗോയ്ക്ക് 305 വിമാനമാണുള്ളത്. ഇതിന്റെ ഇരട്ടിയോളം അംഗബലം എയര്‍ ഇന്ത്യ കൈവരിക്കും.

ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പലതരത്തില്‍ നിര്‍വചിക്കാം. വരുമാനം-ആസ്തി-വിപണി വിഹിതം എന്നിവയുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സാണ് ഒന്നാമത്. യാത്രക്കാരുടെ എണ്ണത്തില്‍ ചൈന സതേണ്‍ എയര്‍ ഹോള്‍ഡിങ്‌സും വിമാനങ്ങളുടെ എണ്ണം കണക്കിലെടുത്താല്‍ അമേരിക്കന്‍ എയര്‍ലൈന്‍സുമാണ് ആദ്യ സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുള്ളത് തുര്‍ക്കിഷ് എയര്‍ലൈന്‍സിനാണ്. വിമാനങ്ങളുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന് 934 വിമാനമുണ്ട്. ഡെല്‍റ്റാ എയര്‍ലൈന്‍സിന് 910 വിമാനവും അമേരിക്കയിലെ തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സിന് 861 വിമാനവുമുണ്ട്. 500ലേറെ വിമാനമുള്ള ആറ് കമ്പനികളാണ് ലോകത്തുള്ളത്. ഇക്കൂട്ടത്തിലേക്കാണ് ഇന്ത്യന്‍ കമ്പനിയായ എയര്‍ ഇന്ത്യയും കടന്നുവരുന്നത്.

2023 അവസാനത്തോടെ കരാര്‍പ്രകാരമുള്ള പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് ലഭ്യമായി തുടങ്ങും. 2025 പകുതിയോടെ കൂടുതല്‍ വിമാനങ്ങളും ഒന്നിച്ചെത്തും. ഇതോടെ ടാറ്റയുടെ കൈപിടിച്ച് എയര്‍ ഇന്ത്യ പറപറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എയര്‍ ഇന്ത്യയുടെ സുപ്രധാന നീക്കത്തോടെ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറും. എയര്‍ ഇന്ത്യയുടെ വികസന പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വമ്പന്‍മാരായ എമിറേറ്റ്സിനും ഖത്തര്‍ എയര്‍വേസിനും ഇതിഹാദിനും ഗള്‍ഫ് എയറിനുമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഗള്‍ഫിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വിമാനത്തിലെ സൗകര്യങ്ങളും വര്‍ധിക്കുന്നതോടെ ഇന്ത്യക്കാരായ യാത്രക്കാര്‍ കൂടുതലായി എയര്‍ ഇന്ത്യയെ ആശ്രയിക്കുമെന്ന് കമ്പനി കരുതുന്നു. ചൈനയെ പിന്നിലാക്കി ലോകത്തെ ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് കണക്കുകള്‍. അങ്ങനെയെങ്കില്‍ രാജ്യത്തെ വ്യോമയാന വിപണി വീണ്ടും വളരും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ വിമാനങ്ങളും കൂടുതല്‍ സര്‍വീസുകളും ഇടംപിടിക്കും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും ഇന്ത്യയില്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്ന യാത്രക്കാരുടെ പ്രധാന ട്രാന്‍സിറ്റ് ഹബ്ബ് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ്. എയര്‍ ഇന്ത്യയുടെ കരാര്‍ യഥാര്‍ഥ്യമാകുന്നതോടെ ഇതില്‍ വലിയ മാറ്റം വരും. ഇതുവരെ ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങള്‍ പോലെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ ഹബ്ബായി മാറും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഓസ്‌ട്രേയിലയിലേക്കും നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണവും കൂടും. ഇത് ആഗോളതലത്തില്‍ എയര്‍ ഇന്ത്യയുടെ അടിത്തറ വിപുലപ്പെടുത്തും.

137 വിമാനത്താവളങ്ങളാണ്‌ ഇന്ത്യയിലുള്ളത്. ഇതില്‍തന്നെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവ ഉള്‍പ്പെടെ 24 എണ്ണം അന്താരാഷ്ട്ര വിമാനത്താവങ്ങളാണ്. അടുത്ത 15 വര്‍ഷത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം നാനൂറിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 50 പുതിയ വിമാനത്താവങ്ങള്‍ക്ക് അനുമതി നല്‍കിയതും വ്യോമയാന മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2000 ത്തോളം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടിവരുമെന്ന് എയര്‍ ഇന്ത്യയുടെ കരാര്‍ പ്രഖ്യാപന വേളയില്‍ മോദിയും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് വ്യോമയാന മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ ശ്രമിക്കുന്നു എന്നതാണ്.

എയര്‍ ഇന്ത്യയുടെ വിമാനക്കരാര്‍ അമേരിക്കയിലും ഫ്രാന്‍സിലും മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകള്‍ തുറക്കും. നിലവിലുള്ള 113 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയില്‍ 1600 പൈലറ്റുമാരാണ് ഉള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ എന്നിവയ്ക്ക് 54 വിമാനങ്ങളുണ്ട്. ഇത് പറത്താനായി ഏകദേശം 850 പൈലറ്റുമാരും വിസ്താരയുടെ 53 വിമാനങ്ങങ്ങള്‍ക്കായി 600ലധികം പൈലറ്റുമാരുമുണ്ട്. പുതിയ 470 വിമാനങ്ങള്‍ സര്‍വീസിന് സജ്ജമാകുന്നതോടെ എയര്‍ ഇന്ത്യയ്ക്ക് 6500 പൈലറ്റുമാരെ ആവശ്യമായി വരും. ഇതിന് പുറമേ കാമ്പിന്‍ ക്ര്യൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാര്‍, പരിപാലനം തുടങ്ങിയ അനുബന്ധ മേഖലകളില്‍ നേരിട്ടും അല്ലാതെയും ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

എയര്‍ബസില്‍ നിന്ന് വാങ്ങുന്ന 250 വിമാനത്തില്‍ 40 എണ്ണം വൈഡ് ബോഡി A350 വിമാനങ്ങളാണ്. ഇതിനുതന്നെ A350 1000, A350 900 എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ഇതില്‍ A350 900 മോഡല്‍ 350 യാത്രക്കാരെ വഹിക്കും. A350 1000 മോഡല്‍ 410 യാത്രക്കാരേയും. ബാക്കിയുള്ള 210 എണ്ണം A 320 നിയോ നാരോ ബോഡി വിമാനങ്ങളാണ്. അതില്‍ 194 ആണ് സീറ്റിങ് കപ്പാസിറ്റി. പ്രധാനമായും 16 മണിക്കൂറിലേറെ പറക്കേണ്ടി വരുന്ന ദീര്‍ഘദൂര റൂട്ടിലാണ് വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണം ഇതോടെ വര്‍ധിപ്പിക്കാനാകും.

നാലു മുതല്‍ അഞ്ചു മണിക്കൂര്‍വരെ യാത്രവരുന്ന സര്‍വീസുകള്‍ക്കാണ് നാരോ ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. A350 വിമാനത്തിന് റോള്‍സ് റോയ്‌സിന്റെ എന്‍ജിനാണ് കരുത്തേകുക. ബോയിങ് 777, 787 വിമാനങ്ങളില്‍ ജിഇ എയറോസ്‌പോസിന്റെ എന്‍ജിനുകളും മറ്റുള്ളവയില്‍ സിഎഫ്എം ഇന്റര്‍നാഷണല്‍ എന്‍ജിനും ഇടംപിടിക്കും. ഇതിനും കരാറായിട്ടുണ്ട്.

വലിയ പണം നല്‍കിയാണ് യാത്രയെങ്കിലും അതിനുള്ള മികച്ച സൗകര്യങ്ങളില്ല, സേവനവും അത്ര പോര. നഷ്ടത്തിലോടിയ എയര്‍ ഇന്ത്യയെക്കുറിച്ച് യാത്രക്കാര്‍ക്ക് പരാതികള്‍ പതിവായിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം ടാറ്റ നേടിയതോടെ പഴയപോലെ യാത്രക്കാരുടെ പഴി കേള്‍ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഒട്ടും താത്പര്യമില്ല.

നിലവില്‍ മിക്ക വിമാനക്കമ്പനികള്‍ക്കും ഇന്‍-ഫ്ളൈറ്റ് സൗകര്യങ്ങളും സാങ്കേതിക വിദ്യകളും നല്‍കുന്നതും ടാറ്റയാണ്. അതിനാല്‍ സ്വന്തം ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയിലെ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ അടിമുടി മാറ്റാന്‍ ടാറ്റയ്ക്ക് അധികം സമയംവേണ്ട. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുമുണ്ട്.

സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, നെറ്റ്വര്‍ക്ക്, ഹ്യൂമണ്‍ റിസോഴ്‌സ് എന്നിവയിലെല്ലാം എയര്‍ ഇന്ത്യ വലിയൊരു പരിവര്‍ത്തന യാത്രയിലാണ്. ഈ മാറ്റത്തിനായി ആധുനികവും കാര്യക്ഷമവുമായ പുതിയ വിമാനങ്ങള്‍ അടിസ്ഥാന ഘടകമാണെന്നും പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയെ ആധുനിക വത്ക്കരിക്കുമെന്നും വിമാനക്കരാറിന് പിന്നാലെ ടാറ്റ വ്യക്തമാക്കിയിരുന്നു.

പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് മുമ്പേ പരിഷ്‌കരണത്തിന്റെ ഭാഗമായി എയര്‍ഇന്ത്യ ഇതിനകം 11 ബി777 വിമാനങ്ങളും 25 എ 350 വിമാനങ്ങളും വാടകയ്ക്ക് എടുത്തിരുന്നു. കെട്ടിലും മട്ടിലും പൂര്‍ണമായൊരു മാറ്റത്തിനാണ് ടാറ്റയുടെ ശ്രമം. കണ്ടുപഴകിയ എയര്‍ ഇന്ത്യയുടെ അകത്തളവും ഇനി മാറും. പൂര്‍ണമായും പുതിയ ക്യാമ്പിന്‍ ഇന്റീരിയര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തും. 2024 മധ്യത്തോടെ ഈ രീതിയിലുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം സര്‍വീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് ഇന്ത്യന്‍ വ്യോമയാന മേഖല അടക്കിവാണിരുന്ന എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് നടത്തിപ്പിലെ പിടിപ്പുകേടായിരുന്നു. നിരക്ക് കുറഞ്ഞ ബജറ്റ് എയര്‍ലൈന്‍സുകളുടെ കടന്നുവരവോടെ പതനത്തിന്റെ ആക്കം കൂടി. എങ്കിലും ഇന്നും രാജ്യത്തെ ആഭ്യന്തര വിപണിയില്‍ 26 ശതമാനം പങ്കാളിത്തം എയര്‍ ഇന്ത്യക്കുണ്ട്. പകുതിയിലേറെ വിപണി വിഹിതവുമായി (54.9 ശതമാനം) ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ ആണ് ഒന്നാമത്. ഈ മേധാവിത്വം തിരിച്ചുപിടിക്കുക എന്നതും എയര്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.

1932-ല്‍ ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തിലായിരുന്നു എയര്‍ ഇന്ത്യയുടെ തുടക്കം. 1953ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കി. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ നീണ്ട 69 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ടാറ്റ തിരിച്ചുപിടിച്ചത്. ലേലത്തില്‍ 18000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കിയാണ് മധുരപ്രതികാരംവീട്ടി എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ വീണ്ടെടുത്തത്. മുമ്പ് 1990 കാലഘട്ടത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിമാനകമ്പനിക്ക് ടാറ്റ ശ്രമിച്ചിരുന്നെങ്കിലും അന്ന് അതിന് അനുമതി ലഭിച്ചില്ല. അതേ ടാറ്റ തന്നെ ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസിനെ തിരിച്ചുപിടിച്ചു.

ഏകദേശം എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത് 2017ലാണ്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കണ്ട് 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. അവസാന റൗണ്ടില്‍ സ്പൈസ് ജെറ്റിനെ മറികടന്നാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ 18000 കോടി ക്വാട്ട് ചെയ്തപ്പോള്‍ സ്പൈസ് ജെറ്റ് ലേലത്തില്‍ വിളിച്ചത് 15100 കോടി രൂപയായിരുന്നു. 18000 കോടിയുടെ ഇടപാടായിരുന്നെങ്കിലും 2700 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ബാക്കി തുക എയര്‍ ഇന്ത്യയുടെ കടമാണ്. അത് ടാറ്റ ഏറ്റെടുത്തു.

പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യ ടോപ് ഗിയറില്‍ മുന്നേറ്റം ആരംഭിച്ചതിനാല്‍ രാജ്യത്തെ മറ്റു ബജറ്റ് എയര്‍ലൈന്‍സുകളും പരിഷ്‌ക്കരണ നടപടികള്‍ക്ക് വേഗം കൂട്ടും. ടാറ്റയുമായുള്ള മത്സരത്തിനായി പുതിയ വിമാനങ്ങള്‍ വാങ്ങി അവരും കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഇതുവഴി രാജ്യത്തെ സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും തുടര്‍ന്നും കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.