ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈസി ജെറ്റ് അടുത്ത പത്ത് ദിവസത്തിനുള്ളിൽ തങ്ങളുടെ ഇരുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കുന്നതിനെ തുടർന്ന് യുകെയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ബ്രിട്ടീഷുകാരുടെ യാത്രാ സ്വപ്നങ്ങൾ തകർന്നു. ഗാറ്റ്‌വിക്ക് എയർപോർട്ടിൽ ഈസി ജെറ്റ് വിമാനത്തിൽ കയറുന്നതിനുവേണ്ടി ഒരു യാത്രക്കാരൻ അഞ്ചുമണിക്കൂറിൽ ഏറെയാണ് കാത്തിരുന്നത് ഒടുവിൽ വിമാനം റദ്ദാക്കി എന്ന് അറിയാൻ വേണ്ടിയായിരുന്നു. ഇത്തരത്തിലുള്ള അവസാനനിമിഷ വിമാന സർവീസുകളുടെ റദ്ദാക്കൽ യാത്രക്കാരിൽ വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനസർവീസുകളാണ് ഈസി ജെറ്റ് റദ്ധാക്കിയത്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു. തിരക്കേറിയ ഈ കാലയളവിൽ യാത്രക്കാർക്ക് തൃപ്തികരമായ സേവനങ്ങൾ നൽകേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് വ്യാഴാഴ്ച ഇരുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കാനാണ് ഈസിജെറ്റ് നിർബന്ധിതരായത്. യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 20 ഈസിജെറ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ടി യു ഐ ഫ്ളൈറ്റുകളിൽ മൂന്നെണ്ണം 24 മണിക്കൂറിൽ അധികം വൈകുകയും ചെയ്തു. ഏറ്റവും പുതിയ റദ്ദാക്കലിന് കാരണം വിവരസാങ്കേതികവിദ്യയുടെ പ്രശ്നങ്ങളാണെന്നും ഇവ പരിഹരിച്ചു വരികയാണെന്നും ഈസിജെറ്റ് വ്യക്തമാക്കി.