കഴിഞ്ഞ ദിവസം ഇസ്റ്റീലിയിൽ വച്ച്നടന്ന “ഇംഗ്ലീഷ് ഗോജു- റിയു കരാട്ടെ-ഡു അസോസിയേഷൻ” (ഇജികെഎ) യുടെ നേതൃത്വത്തിൽ നടന്ന “ട്രഡീഷണൽ ഒകിനാവാൻ മാർഷ്യൽ ആർട്ട് ഓഫ് ഗോജു- റിയു കരാട്ടെ” അപൂർവങ്ങളിൽ അപൂർവമായ ബ്ലാക്ബെൽറ്റും ഗോൾഡ് മെഡലും വാങ്ങി തിളങ്ങി നിൽക്കുകയാണ് ബോൺമൗത്തിൽ നിന്നുള്ള ഈ കൊച്ചുമിടുക്കിയായ അലീറ്റ അലക്സ് .

അഞ്ചാംവയസുമുതൽ കാരാട്ടെ പഠിക്കുന്ന അലീറ്റയും, സഹോദരൻ ആഡോൺ അലക്സും വിവിധ ദേശീയ, പ്രാദേശിക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ഗോൾഡ് മെഡൽ ഉൾപ്പെടെ വിവിധ മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. സിംഗിളും, ഗ്രൂപ്പുമായി “കാറ്റ” കളിലും, “കുമിതെ” കളിലുമാണ് ഇ കൊച്ചു മിടുക്കർ മെഡലുകൾ കരസ്ഥമാക്കിയത്.

പല ഗ്രേഡിലെ ബെൽറ്റുകളുള്ള അൻപതോളം കുട്ടികൾ പഠിക്കുന്ന ബീച്ച് സിറ്റിയായ ബോൺമൗത് ശാഖയായ “ടെൻഷി കരാട്ടെ അക്കാഡമി” ലെ ഏറ്റവും മിടുക്കരും ആദ്യത്തെ മലയാളി കുട്ടികളുമായ ഇവർ രണ്ടു പേരും, യുകെയുടെ സൗത്വെസ്റ് റീജിയനിലുള്ള ഇരുനൂറ്റി അമ്പതോളം കുട്ടികളുമായി മത്സരിച്ചാണ് ഈ അപൂർവ സമ്മാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.

അലീറ്റയുടെ കഠിനാധ്വാനവും, അർപ്പണ മനോഭാവവും, സമർപ്പണവുമാണ് ഈ കൊച്ചുമിടിക്കിക്കു തൻെറ സ്വപ്നമായ ബ്ലാക് ബെൽറ്റ് എന്ന അപൂർവ നേട്ടം ഈ ചെറുപ്രായത്തിൽത്തന്നെ കൈവരിക്കാൻ പറ്റിയതെന്ന് അലീറ്റയുടെ കരാട്ടെ ടീച്ചർ ആയ സെൻസെയ് ലിസ ഡൊമെനി അഭിപ്രായപ്പെടുകയും ക്ലാസിൽ ഇവർക്ക് പ്രത്യേക സ്വീകരണം നൽകുകയും ചെയ്തു. അതോടൊപ്പം, മലയാളികുട്ടികളടക്കം ക്ലാസിലുള്ള മറ്റു കുട്ടികളെ പഠിപ്പിക്കാനുള്ള അവസരവും ഈ കൊച്ചുമിടിക്കിക്കു കിട്ടിയിരിക്കുകയാണ്.

അനേകവർഷങ്ങളായി ബി.സി.പി കൗൺസിലിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന, പാലാ മേവട സ്വദേശി, തോട്ടുവയിൽ അലക്സിന്റെയും, എൻഎച്ച്എസിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും പ്രിയ മക്കളാണ് അലീറ്റയും അഡോണും. കരാട്ടെ ചാമ്പ്യൻഷിപ്പിൽ അപൂർവ ബഹുമതി നേടി ഇവർ മറ്റു കുട്ടികൾക്ക് പ്രചോദനവും അതുപോലെതന്നെ ബോൺമൗത്തിലെ താരങ്ങളുമായി മാറിയിരിക്കുകയാണ് ഈ ചുണകുട്ടികൾ.