ന്യൂഡൽഹി ∙ രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണവും കുറയുമ്പോഴും കേരളത്തിലെ സ്ഥിതി നേരെ മറിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും പ്രതിദിന കേസുകൾക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമത്.

തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത 78 മരണങ്ങളിൽ പതിനാറും കേരളത്തിലാണു താനും; 20.51 %. മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്നലെ മഹാരാഷ്ട്രയിൽ 35 മരണവും കേരളത്തിൽ 19 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്തു കോവിഡ് ചികിത്സയിൽ തുടരുന്നവരിൽ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേർ; ഇതിൽ 65,670 പേർ കേരളത്തിലും 35,991 പേർ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.

അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്ര–നാഗർ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന മരണനിരക്കിൽ 55 % കുറവുണ്ടായി.

സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 5214 പേരിൽ 4788 പേർക്കും വൈറസ് ബാധിച്ചതു സമ്പർക്കത്തിലൂടെ. 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 61 പേരും 29 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി. 69,844 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47%. ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവായപ്പോൾ 1179 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ 19 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 3902.

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം–615, കൊല്ലം–586, കോട്ടയം–555, തൃശൂർ–498, പത്തനംതിട്ട–496, കോഴിക്കോട്–477, തിരുവനന്തപുരം–455, മലപ്പുറം–449, ആലപ്പുഴ–338, കണ്ണൂർ–273, പാലക്കാട്–186, കാസർകോട്–112, ഇടുക്കി–100, വയനാട്–74.

സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയാക്കി പുതുക്കി; മുൻപ് 1500 രൂപയായിരുന്നു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു നിരക്കു പുതുക്കിയതെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്‌സ്‌പേർട്ട് നാറ്റ്– 2500 രൂപ, ട്രൂനാറ്റ്– 1500 രൂപ, ആർടി ലാംപ്– 1150 രൂപ, ആന്റിജൻ– 300 രൂപ.