ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ എ & ഇ വിഭാഗത്തിലെ ജീവനക്കാരിൽ 75 ശതമാനത്തോളം പേർക്ക് ആക്രമണസ്വഭാവമുള്ള പെരുമാറ്റം നേരിടേണ്ടിവരുന്നതായുള്ള സർവേ റിപ്പോർട്ട് പുറത്തുവന്നു . റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിൻ (RCEM) നടത്തിയ പഠനത്തിൽ 2,000ത്തിലധികം ജീവനക്കാരാണ് പങ്കെടുത്തത്. 73 ശതമാനം പേർ ദിവസേനയോ ആഴ്ചതോറുമോ അക്രമവും അധിക്ഷേപവും നേരിടുന്നതായി പറഞ്ഞു. 96 ശതമാനം പേർ രോഗികളിൽനിന്നോ പൊതുജനങ്ങളിൽനിന്നോ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപം അനുഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വംശീയത, ലിംഗവിവേചനം, സ്വവർഗവിരുദ്ധ അധിക്ഷേപം ഉൾപ്പെടെയുള്ള വിവേചനം 63 ശതമാനം പേർ നേരിട്ടതായും സർവേയിൽ കണ്ടെത്തി.

ജീവനക്കാരുടെ കുറവും ആശുപത്രികളിലെ തിരക്കും നീണ്ട കാത്തിരിപ്പ് സമയവുമാണ് സ്ഥിതി രൂക്ഷമാക്കുന്നതെന്ന് RCEM ചൂണ്ടിക്കാട്ടി. തിരക്ക് കാരണം ക്ലിനിക്കൽ സൗകര്യങ്ങൾക്ക് പുറത്തുള്ള ഇടനാഴികളിൽ പോലും രോഗികൾക്ക് ചികിത്സ നൽകേണ്ടിവരുന്നതും സംഘർഷങ്ങൾക്ക് കാരണമാകുന്നു. സർവേയിൽ പങ്കെടുത്ത ഒരു ഡോക്ടർ വംശീയ അധിക്ഷേപം ഉൾപ്പെടെയുള്ള കടുത്ത വാക്കേറ്റങ്ങൾ നേരിടേണ്ടിവരുന്നതായി പറഞ്ഞു. മറ്റൊരു മുതിർന്ന എമർജൻസി ഡോക്ടർ രോഗി മുഖത്ത് ചവിട്ടിയ സംഭവവും വിവരിച്ചു. എ & ഇ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ തങ്ങൾക്ക് എപ്പോഴും സുരക്ഷിതത്വം തോന്നുന്നുവെന്ന് പറഞ്ഞത് വെറും നാല് ശതമാനം ജീവനക്കാർ മാത്രമാണ്.

സ്ഥിതി തുടർന്നാൽ ആരോഗ്യപ്രവർത്തകരുടെ മാനസികാരോഗ്യത്തിലും എൻഎച്ച്എസിന്റെ ഭാവി ജീവനക്കാരിലും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ആർ സി ഇ എം മുന്നറിയിപ്പ് നൽകി. സർവേയിൽ 75 ശതമാനം പേർ ഹ്രസ്വകാല സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുന്നതായി പറഞ്ഞു; 40 ശതമാനം പേർ ബേൺഔട്ടും 28 ശതമാനം പേർ ദീർഘകാല സമ്മർദമോ ഉത്കണ്ഠയോ നേരിടുന്നതായും വ്യക്തമാക്കി. എൻ എച്ച് എസ് ജീവനക്കാർക്കെതിരായ അക്രമവും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.











Leave a Reply