ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഗ്ലോസ്റ്റർഷയറിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സ്‌ഫോടകവസ്തു സംബന്ധമായ കുറ്റങ്ങൾ ചുമത്തി വൻ സുരക്ഷാ നടപടിയുടെ ഭാഗമായി നിരവധി പേരെ അറസ്റ്റ് ചെയ്തു. യുഎസ് വ്യോമസേനയുടെ സാന്നിധ്യമുള്ള വ്യോമതാവളത്തിന് സമീപത്തെ വെൽഫോർഡ് ഗ്രാമത്തിലെ നിരവധി വീടുകൾ ഒഴിപ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ആർമി ബോംബ് ഡിസ്പോസൽ ടീം പ്രദേശത്തെ വാഹനങ്ങളും വീടുകളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഭീകരവിരുദ്ധ പൊലീസ് അന്വേഷണം ഏറ്റെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞായറാഴ്ച പുലർച്ചെയാണ് നിരവധി പേരെ കസ്റ്റഡിയിലെടുത്തത്. ഫെയർഫോർഡ് വ്യോമതാവളത്തിനുള്ളിൽ ഹസാർഡസ് ഏരിയ റെസ്‌പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് പൊലീസ് അറിയിച്ചത്. വെൽഫോർഡിലെ ഒഴിപ്പിക്കപ്പെട്ട താമസക്കാരെ ഏകദേശം 10 മൈൽ അകലെയുള്ള സിറൻസെസ്റ്ററിലെ ഒരു വിനോദകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ഗ്രാമത്തിൽ മൂന്ന് സംശയാസ്പദമായ വാനുകൾ കണ്ടതായി താമസക്കാരൻ പൊലീസിൽ വിവരം നൽകിയതിന് പിന്നാലെയാണ് നടപടി ശക്തമാക്കിയത്.

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു. അടിയന്തിര സേവന വിഭാഗങ്ങളും പ്രത്യേക സംഘങ്ങളും വേഗത്തിൽ ഇടപെട്ടതായി പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. ആർഎഎഫ് ഫെയർഫോർഡിലെ യുഎസ് സൈനികരും ജീവനക്കാരും ജാഗ്രത പാലിക്കുന്നുണ്ടെന്ന് യുഎസ് വ്യോമസേന അറിയിച്ചു. ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ യുഎസ് ബോംബർ വിമാനങ്ങൾക്കായി അടുത്തിടെ ഫെയർഫോർഡ് വ്യോമതാവളം ഉപയോഗിച്ചിരുന്നു. അന്വേഷണം തുടരുന്നതിനാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.