ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ 104 സ്കൂളുകൾ പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടാനുള്ള നിർദ്ദേശം കടുത്ത പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. എങ്ങനെയും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ പ്രധാന അധ്യാപകർ നെട്ടോട്ടത്തിലാണ്. അവസാന നിമിഷം ഇത്ര വലിയ പ്രതിസന്ധി ഉണ്ടാകാൻ കാരണം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത കെടു കാര്യസ്ഥതയാണ് കാരണമെന്ന വിമർശനം ശക്തമാണ്.

തങ്ങൾ പഠിക്കുന്ന സ്കൂളുകൾ അടച്ചിടാനുള്ള നിർദ്ദേശത്തെ കുറിച്ച് അവസാന നിമിഷം അറിയുന്ന മാതാപിതാക്കളും കുട്ടികളും കടുത്ത അനശ്ചിതത്വത്തിലാണ്. പലരും തങ്ങളുടെ കുട്ടികൾക്ക് പഠിക്കുവാൻ അനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. പ്രശ്ന ബാധിതരായ സ്കൂളുകളിലെ പ്രധാന അധ്യാപകർ ഉൾപ്പെടെയുള്ള ടീച്ചേഴ്സിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏതെങ്കിലും രീതിയിൽ ബദൽ സംവിധാനങ്ങൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സ്കൂൾ അധികൃതർ. പ്രശ്നബാധിതരായ 104 സ്കൂളുകളിലെ പ്രധാന അധ്യാപകർ ബദൽ ക്ലാസ് മുറികൾ കണ്ടെത്തുന്നതിനും താൽക്കാലിക ടോയ്‌ലറ്റുകൾ വാടകയ്ക്ക് എടുക്കുന്നതിനും ടൈം ടേബിളുകൾ പുന:ക്രമീകരിക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ്.

കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ബലക്ഷയമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശം നൽകിയത്. എന്നാൽ അവസാന നിമിഷ നീക്കം ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് സമയം കിട്ടാതെ വന്നതാണ് വൻവിമർശനങ്ങൾക്ക് കാരണമായത്. പ്രശ്നബാധിതരായ സ്കൂളുകളുടെ പട്ടിക സർക്കാർ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നില്ല. അങ്ങനെയുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കണം എന്നതായിരുന്നു സർക്കാർ നയം. സ്കോ ട്ട്‌ലൻഡിലെ 35 സ്കൂളുകൾ പ്രശ്ന ബാധിതമാണെങ്കിലും ഈ ഘട്ടത്തിൽ അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു