ഹരിഗോവിന്ദ് താമരശ്ശേരി

തെന്നിന്ത്യയിലെ സംഗീത പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് മലയാളികളൊരുക്കിയ മ്യൂസിക് ആൽബം “സായ”. യുകെയിലെ മലയാളികളായ ഒരുപറ്റം കലാകാരന്മാരുടെ സ്വപ്ന സാക്ഷാത്കാരമാണ് വെയിൽസിൻ്റെ ദൃശ്യ ചാരുതയിൽ “സായ” യായി ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയത്. വെറും രണ്ടാഴ്ചയിൽ 2 മില്യണിലധികം ആളുകളാണ് “സായ” യെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയുടെ തമിഴ് പതിപ്പിന് ഇതിനോടകം തന്നെ 2 മില്യണും, മലയാളത്തിന് 8 ലക്ഷ്യത്തിലധികവും വ്യൂസ് ഉണ്ട്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി തൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റുവാൻ ഒരു പെൺകുട്ടി സഞ്ചരിക്കുന്ന ലളിതവും രസകരവുമായ യാത്രയുടെ ദൃശ്യാവിഷ്കാരമാണ് “സായ”. മ്യൂസിക് ഇൻഡസ്ട്രിയിലെ അതികായരായ സരിഗമ ഇന്ത്യ ലിമിറ്റഡാണ് സായ റിലീസ് ചെയ്തത്. റിലീസിന് ശേഷം #saaya ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.

ലണ്ടനിൽ നിന്നുള്ള കൃപ ഗിവാനെ, ഇസ്മായേൽ നോറിസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉയരെ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായിക ശിവാങ്കി കൃഷ്ണകുമാറാണ്. നടിയും ഗായികയുമായ ശിവാങ്കി ഈ മ്യൂസിക് വീഡിയോയിലൂടെ ഇതിനോടകം പ്രശസ്തയായിക്കഴിഞ്ഞു. തൊടുപുഴയാണ് ശിവാങ്കിയുടെ ജന്മദേശം. സംഗീത സംവിധായകനും ഗായകനും, പിയാനിസ്റ്റുമായ മിഥുൻ ഈശ്വറാണ് സായയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമ മേഖലയിൽ അസ്സിസ്റ്റന്റ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന കോതമംഗലം സ്വദേശി റോണു സക്കറിയ റോയ് ആണ് സായ സംവിധാനം ചെയ്തിരിക്കുന്നത്. റോണു കാര്ഡിഫിലാണ് സ്ഥിരതാമസം. ഡ്രാമ, പത്തുകൽപ്പനകൾ തുടങ്ങിയ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ച കുമളി സ്വദേശി ഷിൻസ് കെ ജോസാണ് സായയുടെ ഡയറക്ക്റ്റർ ഓഫ് ഫോട്ടോഗ്രഫി. ഡ്രോൺ പൈലറ്റ് ലൈസൻസുള്ള അപൂർവ്വം മലയാളി ഛായാഗ്രാഹകരിൽ ഒരാൾകൂടിയാണ് ഷിൻസ്. പ്രൊജക്റ്റ് ഡിസൈൻ എബി ജോസഫും, ക്രിയേറ്റിവ് ഡയറക്ഷൻ ചിണ്ടു ജോണിയും , ഛായാഗ്രഹണം ജൈസൺ ലോറൻസും, എഡിറ്റിങ് റിനോ ജോസഫും, കളറിംഗ് ആദർശ് കുര്യനും, മേക്കപ്പ് ശാലു ജോര്ജും നിർവഹിച്ചിരിക്കുന്നു. “സായ” ഇതിനോടകം ഇന്ത്യയിലാകമാനം സൂപ്പർ ഹിറ്റായതിൻ്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.