ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ ഇവാക്യുവേഷൻ മിഷനിലൂടെ രക്ഷപ്പെടുത്തി മാഞ്ചസ്റ്ററിൽ എത്തിച്ച അഫ്ഗാൻ പൗരനെ, താലിബാൻ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അറസ്റ്റ് ചെയ്തു. മുപ്പത്തിമൂന്നുകാരനായ ഇയാൾക്ക് ജിഹാദി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആമഡ് ഫോഴ്സ് നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 21നാണ് ഇയാൾ ഭാര്യയോടും കുട്ടികളോടുമൊപ്പം യുകെയിൽ എത്തിച്ചേർന്നത്. മാഞ്ചസ്റ്ററിലെ പാർക്ക്‌ ഇൻ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ബ്രിട്ടീഷ് പട്ടാളക്കാരോടൊപ്പം പ്രവർത്തിച്ചിരുന്ന ഇയാൾ താലിബാന്റെ ചാരനായിരുന്നു എന്നും സംശയമുണ്ട്.


എന്നാൽ ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഏകദേശം പതിനായിരത്തോളം പേരെയാണ് ഇതുവരെ അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടീഷ് എയർഫോഴ്സ് രക്ഷപ്പെടുത്തിയത്. തീവ്രവാദബന്ധം സംശയിക്കപ്പെടുന്ന ഒരാൾ രക്ഷപ്പെട്ട് ബ്രിട്ടനിൽ എത്തിച്ചേർന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉണ്ട്. ആവശ്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ഇവാക്യുവേഷൻ നടത്തിയതെന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും സുരക്ഷിതമായ ജയിലായ ലണ്ടനിലെ ബെൽമാർഷിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഇയാളുടെ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും സിംകാർഡുകളും എല്ലാം അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണങ്ങൾ തുടർന്നുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.