ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്കൂൾ കുട്ടികളിൽ നടക്കുന്ന കത്തിക്കുത്ത് മരണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ പഠനം റിപ്പോർട്ട് പുറത്തുവന്നു . അതനുസരിച്ച് ഓരോ മാസവും കുറഞ്ഞത് രണ്ട് സ്കൂൾ കുട്ടികളെങ്കിലും കത്തി ആക്രമണത്തിൽ മരിക്കുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത് . 2019-20 ൽ 21 മരണങ്ങളുണ്ടായിരുന്നപ്പോൾ 2023-24ൽ ഇത് 36 ആയി വർധിച്ചു. മരിച്ചവരിൽ 90 ശതമാനവും ആൺകുട്ടികളാണ്, ഇവരുടെ ശരാശരി പ്രായം 14.4 ആണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ മരണങ്ങളും ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ ഇത്തരം സ്വഭാവ വൈകല്യത്തിലേയ്ക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ആണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് . വീട്ടിലെ പീഡനം, മാനസിക അസ്വാസ്ഥ്യം, മയക്കുമരുന്ന് ഉപയോഗം, മാതാപിതാക്കളെ നഷ്ടപ്പെടൽ എന്നിവ പല കുട്ടികളും നേരിട്ടിരുന്നു. ഏകദേശം പകുതി കുട്ടികൾ സ്കൂളിൽ നിന്ന് പുറത്താക്കിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട് . ഇത്തരം കുട്ടികളെ വഴിതെറ്റിക്കുന്നതിൽ ഗൂണ്ടാസംഘങ്ങളുടെ ബന്ധം, മയക്കുമരുന്ന് , അനധികൃത പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയും ഉള്ളതായാണ് റിപ്പോർട്ട് രേഖപ്പെടുത്തിയിരിക്കുന്നത് . പലരും മുമ്പ് തന്നെ വിവിധ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ടിരുന്നിട്ടും വേണ്ട സഹായം ലഭിക്കാത്തത് വലിയ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.

ലണ്ടനിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രത്യേകിച്ച് കറുത്ത വർഗ്ഗത്തിൽപ്പെട്ട കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. വീട്ടിലും സ്കൂളിലും സമൂഹത്തിലും ഒരേസമയം പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിച്ച കുട്ടികളാണ് കൂടുതലായി ഇരയായത്. കുട്ടികളുടെ പ്രശ്നങ്ങളെ സമഗ്രമായി കാണാതെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം സമീപിച്ചതാണ് പലപ്പോഴും ഇടപെടൽ വൈകാൻ കാരണമായത്. ഇത്തരം മരണങ്ങൾ ഒഴിവാക്കാൻ കുടുംബകേന്ദ്രിതവും ഏകോപിതവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.