ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു.എസ് അംബാസഡറായി നിയമിച്ച പീറ്റർ മാൻഡൽസൺ സംബന്ധിച്ച സുരക്ഷാ പരിശോധന വിവാദത്തിൽ കടുത്ത ആരോപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രംഗത്ത് വന്നു. ഫോറിന്‍ ഓഫീസ് ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധനയിൽ ആദ്യ ഘട്ടത്തിൽ തന്നെ മാൻഡൽസൺ പരാജയപ്പെട്ട വിവരം തന്നിൽ നിന്ന് മനപ്പൂർവ്വം മറച്ചുവെച്ചുവെന്നാണ് സ്റ്റാർമറുടെ ആരോപണം. ഈ വിവരം അറിയാമായിരുന്നുവെങ്കിൽ നിയമനം മുന്നോട്ടു കൊണ്ടു പോയിരിക്കില്ലായിരുന്നുവെന്നും അദ്ദേഹം എംപിമാർക്ക് മുന്നിൽ വ്യക്തമാക്കി. യുകെ സെക്യൂരിറ്റി വെറ്റിംഗ് ഏജൻസിയുടെ ശുപാർശയ്ക്കെതിരെ ഫോറിന്‍ ഓഫീസ് ക്ലിയറൻസ് നൽകിയതും താൻ പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2024 ഡിസംബറിൽ അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട മാൻഡൽസൺ, സമഗ്ര സുരക്ഷാ പരിശോധന പൂർത്തിയാകുന്നതിനുമുമ്പാണ് നിയമിതനായത്. 2025 ഫെബ്രുവരി 10ന് ചുമതലയേറ്റെങ്കിലും, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ഏഴു മാസത്തിനകം പുറത്താക്കപ്പെടുകയായിരുന്നു. ഇതിനിടയിൽ 2025 ജനുവരി 28ന് സെക്യൂരിറ്റി വെറ്റിംഗ് ഏജൻസി ‘ഡെവലപ്ഡ് വെറ്റിംഗ്’ അനുവദിക്കരുതെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും, ഫോറിന്‍ ഓഫീസ് അത് അവഗണിച്ച് അനുമതി നൽകിയതാണ് വിവാദത്തിന്റെ കേന്ദ്രം. ഈ വിവരം നിയമനം നടന്നപ്പോഴും, പുറത്താക്കലിനിടെയും, തുടർന്ന് പരിശോധന നടപടികൾ ആരംഭിച്ചപ്പോഴും തന്നെ അറിയിക്കേണ്ടതായിരുന്നുവെന്ന് സ്റ്റാർമർ പറഞ്ഞു.

അതേസമയം, പ്രതിപക്ഷവും ഭരണകക്ഷിയിലുളള ചില എംപിമാരും സ്റ്റാർമറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ ചട്ടപ്രകാരം പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചാൽ രാജി വേണമെന്ന വ്യവസ്ഥയും അവർ ചൂണ്ടിക്കാട്ടി. ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ഉൾപ്പെടെ മറ്റ് പാർട്ടികളും രാജിയാവശ്യപ്പെട്ടു. ഫോറിന്‍ ഓഫീസ് ഉന്നത ഉദ്യോഗസ്ഥനായ സർ ഒലി റോബിൻസ് രാജി വെച്ചതും വിവാദം കടുപ്പിച്ചു. ഭാവിയിൽ നിയമനത്തിന് മുൻപ് തന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്ന് സ്റ്റാർമർ പ്രഖ്യാപിച്ചതോടെ നടപടിക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.