അജ്മാൻ: വിസാ ഏജന്റുമാരുടെ തട്ടിപ്പിൽ പെട്ട് ദുരിതത്തിലായ കൊച്ചി പള്ളുരുത്തി സ്വദേശിനി വാഹിദയ്ക്ക് (40) ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. അജ്മാനിലെ ചെറിയ മുറിയിൽ രോഗബാധിതയായി കഴിയുകയായിരുന്ന വാഹിദയുടെ അവസ്ഥ വാർത്തയായതിനെ തുടർന്ന് പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് സഹായഹസ്തം നീട്ടിയത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച ശേഷം ആലുവയിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് മൂന്ന് മക്കളെ വളർത്താനായി കഠിനാധ്വാനം ചെയ്തിരുന്ന വാഹിദ, കടബാധ്യതകൾ മൂലം വർഷങ്ങൾക്കുമുൻപ് യുഎഇയിലെത്തി. ഒരു വ്ലോഗറുടെ പരസ്യത്തിൽ വിശ്വസിച്ച് 7,500 ദിർഹം നൽകി പാർട്ണർ വിസ എടുത്തെങ്കിലും പിന്നീട് സ്ഥാപനം തന്നെ ഇല്ലാതായതായി കണ്ടെത്തി. വിസ പുതുക്കാമെന്ന് പറഞ്ഞ് മറ്റൊരു മലയാളി 4,000 ദിർഹവും തട്ടിയെടുത്തതോടെ മാനസികമായി തകർന്ന വാഹിദ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴുതിവീണു.
വിസാ കാലാവധി കഴിഞ്ഞതിനാൽ വലിയ പിഴ ബാധകമായിരുന്നെങ്കിലും ഔട്ട്പാസ് അനുവദിച്ചതോടെ അത് ഒഴിവാക്കപ്പെട്ടു. വാഹിദയെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സാമൂഹിക പ്രവർത്തകരും അഭിഭാഷകരും സുമനസ്സുകളും നിർണായക പങ്കുവഹിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ പരസ്യങ്ങളിലൂടെയും നടക്കുന്ന വിസാ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











Leave a Reply