തിരുവനന്തപുരം: മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ക്യാബിനറ്റ് യോഗം ബഹിഷ്‌കരിച്ചത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഇതുപോലെയുള്ള ഭരണ അനിശ്ചിതത്വം നേരത്തേ ഉണ്ടായിട്ടില്ല. മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.

പിണറായി വിജയന്‍ ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് കഴിഞ്ഞ ദിവസത്തോടെ തെളിഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഎമ്മും ചാണ്ടിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലമാണോ മറ്റുള്ളവരൊക്കെ എതിര്‍ത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ തയ്യാറായതെന്ന് പിണറായി വ്യക്തമാക്കണം. നിരപരാധിത്വം ആദ്യം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പറയാന്‍ ഇത് ഓട്ടമത്സരമാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിമാരും മന്ത്രിമാര്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയും കേള്‍ക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. പരസ്പര വിശ്വാസമില്ലാത്ത മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാനാകുമെന്നും ചെന്നിത്തല ചോദിച്ചു.