കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദി അടക്കമുള്ള അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുമ്പ് മലിനമായ കുളങ്ങളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിച്ചവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരുന്നതെങ്കിൽ, പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം ഇരുന്നൂറിനടുത്ത് എത്തിയതായും നാൽപതിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സംസ്ഥാന ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് ഫീൽഡുതല പഠനം ആരംഭിച്ചിരുന്നെങ്കിലും വ്യക്തമായ നിഗമനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
നേഗ്ലെറിയ ഫൗലേറി ഉൾപ്പെടെയുള്ള അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നത്. തീവ്രമായ തലവേദന, പനി, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും, മലിന ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.











Leave a Reply