ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിൽ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു.മെലെനി എന്ന പട്ടണത്തിലുള്ള ഗാർഡനർ ഫോൾസ് എന്ന സ്ഥലത്ത് അവധി ആഘോഷക്കുന്നതിനിടെയാണ് 24 വയസുകാരനായ എബിൻ ഫിലിപ്പിന്റെ മരണം.

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ചിരുന്ന എബിൻ ഫിലിപ്പ് വെള്ളച്ചാട്ടത്തിൽപ്പെടുകയായിരുന്നുവെന്ന് സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡണ്ട് സെബാസ്റ്റ്യൻ സജീഷ്  പറഞ്ഞു.

വെള്ളച്ചാട്ടത്തിലേക്ക് കയറിലൂടെ ഊർന്നിറങ്ങിയ ശേഷമാണ് എബിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദകമായ സാഹചര്യമില്ലെന്ന് ക്വീൻസ്ലാൻറ് പോലീസ്  വ്യക്തമാക്കി.

നവംബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗാർഡനർ ഫോൾസിൽ ഒരാളെ കാണാതായി എന്ന വിവരം SESന് ലഭിച്ചതായി പോലീസ് പറഞ്ഞു.പോലീസ് ഡൈവ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് മൃതശരീരം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു എബിനെന്ന് റിപ്പോർട്ട് .ഓസ്‌ട്രേലിയയിൽ നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള മുങ്ങിമരണങ്ങൾ കൂടുന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളുമുണ്ട്.

ഓസ്‌ട്രേലിയയിലെ തീരങ്ങളില്‍ മുങ്ങിമരിക്കുന്നതില്‍ പകുതിയും കുടിയേറിയെത്തിയവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മുങ്ങിമരണങ്ങളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ഇന്ത്യാക്കാരാണ്.ഇതിൽ പല മലയാളി രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

2021 മാർച്ചിൽ പെർത്തിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു.മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മലയാളി കൂട്ടായ്‌മ.

ബ്രിസ്‌ബൈനിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന എബിൻ.സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ രാജ്യാന്തര വിദ്യാർത്ഥി പ്രതിനിധി കൂടിയായിരുന്നു എബിൻ.ഇന്ത്യയിലേക്ക് മൃതശരീരം എത്തിക്കാനുള്ള നടപടികൾ വൈകാതെ തുടങ്ങുമെന്നും സൺഷൈൻ കോസ്റ്റിലെ മലയാളി കൂട്ടായ്‌മ വ്യക്തമാക്കി.

കേരളത്തിൽ മുവാറ്റുപുഴ സ്വദേശിയാണ് മരിച്ച എബിൻ ഫിലിപ്പ്.