ഡോക്ടർ മനോ ജോസഫ്
ഇംഗ്ലണ്ടിലും വെയിൽസിലും ദയാവധം നടപ്പാക്കാനുള്ള ശ്രമം പല പ്രമുഖ രാഷ്ടീയക്കാരുടേയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിഷേധിക്കാനും, നിയമം വീണ്ടും പാർലമെൻറ് ചർച്ച ചെയ്യുകയും വോട്ടിനിടുകയും ചെയ്യുന്ന നവംബർ 29 ന് മുൻപായി വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഡോക്ടർസ് ഫോറം, ഫാമിലി അപോസ്റ്റലേറ്റ്, കുടുംബകൂട്ടായ്മ, വിമെൻസ് ഫോറം, എസ് എം വൈ എം എന്നിങ്ങനെ വിവിധ ഭക്തസംഘടനകൾ സമ്മേളിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ഡോക്ടർസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം ചേരുന്ന സമ്മേളനം ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ഡോക്ടർ ബിനുമോൾ അബ്രഹാം വിഷയമവതരിപ്പിച്ചു സംസാരിക്കും. ചർച്ചകൾക്ക് ഡോക്ടർ മനോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. രൂപതയുടെ പാസ്‌റ്ററൽ കോർഡിനേറ്റർ റെവ ഡോക്ടർ ടോം ഒലിക്കരോട്ട് , ഡോക്ടർസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോക്ടർ മാർട്ടിൻ തോമസ് ആൻ്റണി, ഡോക്ടർ മിനി നെൽസൺ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. തുടർ നടപടികൾക്കുള്ള രൂപരേഖ തയ്യാറാക്കി സമ്മേളനം പിരിയും.
ഓൺലൈനായി നടക്കുന്ന ഈ ചർച്ചകളിലേക്കും സമ്മേളനത്തിലേക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ വിശ്വാസികളെയും ഡോക്ടർസ് ഫോറം സ്പിരിച്യുൽ ഡയറക്ടർ റെവ. ഫാ. ജെയിംസ് ജോൺ കോഴിമല അച്ചൻ സ്വാഗതം ചെയ്യുന്നു. മീറ്റിംഗിൽ പങ്കെടുക്കാനുള്ള Zoom ലിങ്കും മറ്റു വിശദാംശങ്ങളും തുടർദിവസങ്ങളിൽ അറിയിക്കുന്നതാണ്.
Leave a Reply