ഒരു മാസത്തെ മാത്രം ആയുസ്സ് … തന്റെ ജീവിത സഖിയായി മിന്നുകെട്ടി കൂടെ കൂടിയ പ്രിയതമയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ സ്‌നിജോ പൊട്ടിക്കരഞ്ഞില്ല… പക്ഷേ, വേദന കടിച്ചമർത്തി  നിർവികാരതയോടെയും മ്ലാനമായ മുഖത്തോടെയും നിറ കണ്ണുകളോടും അനുവിന്റെ സമീപത്തിരുന്നു. കാണുന്ന ഓരോരുത്തരുടെയും മനസ് തകരുന്ന കാഴ്ച്ച. ഒരുമിച്ചുള്ള ഒരുമാസത്തെ ജീവിതത്തിന്റെ ഓര്‍മകള്‍ മിന്നിമറയുന്ന മനസ്സുമായി. പറക്കാൻ തുടങ്ങും മുൻപേ പറന്നകന്ന തന്റെ പാതി.. വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എയ്യാല്‍ സ്വദേശിനി അനുവിനു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാട് കണ്ണീരോടെ വിട നല്‍കി. ഞായറാഴ്ച ഖത്തറിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന സ്‌നിജോയെ കാണാനായിരുന്നു അനു ലീവെടുത്ത് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നു ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടത്.പ്രിയതമനെ ഒരു നോക്ക് കാണാന്‍ പുറപ്പെട്ട ആ യാത്ര ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത അന്ത്യയാത്രയായി മാറി. അവിനാശിയില്‍ നിന്ന് അനുവിന്റെ മൃതദേഹം വ്യാഴാഴ്ച സന്ധ്യയോടെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം ഭര്‍ത്താവ് വാഴപ്പിള്ളി വീട്ടില്‍ സ്‌നിജോയുടെ വീട്ടിലാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് ഇടവക പള്ളിയായ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലേക്കും രാത്രി എയ്യാലിലെ അനുവിന്റെ സ്വന്തം വീട്ടിലും എത്തിച്ചു.

ശ്രൂശ്രൂഷകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോയ് അടമ്പുകുളം, എയ്യാല്‍ പളളി വികാരി ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മികരായി. മന്ത്രി എ.സി. മൊയ്തീന്‍, രമ്യ ഹരിദാസ് എംപി തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും അന്ത്യോപാചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഒരു പിടി മണ്ണും ഇട്ട് ഉടയവർ പിരിയുമ്പോൾ ഇനിയാർക്കും ഇത്തരം അനുഭവം നൽകല്ലേ എന്ന് ഉള്ളുരുകി ഒരുമനസ്സോടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ കാണുമാറായി..