തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന തിങ്കളാഴ്ച അറിയാം. കേസിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്. ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കുതന്നെ ആയിരിക്കും.

നിർബന്ധപൂർവം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂർക്കട പോലീസിൽ നൽകിയ പരാതിയിൽ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ മുൻകൂർ ജാമ്യഹർജി നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് 28-ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ജയചന്ദ്രൻ ജാമ്യഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിയിലെ വാദം. ജാമ്യഹർജിയിൽ പേരൂർക്കട പോലീസിനോട് കോടതി റിപ്പോർട്ട് തേടി.

വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനിൽനിന്ന് വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടർ ടി.വി. അനുപമ വിവരങ്ങൾ തേടിയത്. പൂജപ്പുരയിലെ ഓഫീസിൽ നേരിട്ടെത്തി ഷിജുഖാൻ വിവരങ്ങൾ നൽകി. ദത്ത് നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മാതാപിതാക്കൾ അവകാശവുമായി വന്നശേഷവും ദത്ത് നടപടികൾ തുടർന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിലെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.

അനുപമയുടേതാണെന്ന് അവകാശപ്പെടുന്ന കുഞ്ഞ് ആന്ധ്രാപ്രദേശില്‍ സുഖമായിരിക്കുന്നു. തലസ്ഥാനമായ അമരാവതിക്കു സമീപത്തെ ജില്ലയിലാണ് കുട്ടിയുള്ളത്. മക്കളില്ലാത്ത അധ്യാപക ദമ്പതിമാര്‍ ആണ് കുഞ്ഞിന് ദത്തെടുത്തത് .

കുഞ്ഞിനെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് അനുപമ കേരളത്തില്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഇവര്‍ അറിഞ്ഞിട്ടുണ്ട്. ”ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങള്‍ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്”- ദമ്പതിമാര്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. ”കേരളത്തില്‍ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു”- അധ്യാപകന്‍ പറഞ്ഞു. നിയമനടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചെന്നും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാര്‍ പറഞ്ഞു.