തെക്കനമേരിക്കൻ കളിയഴകിന്റെ അപ്പോസ്തലന്മാരായ അർജന്റീനയോ യൂറോപ്യൻ ഫുട്ബാളിന്റെ പവർ ഗെയിം പാദങ്ങളിലാവാഹിക്കുന്ന ഫ്രാൻസോ? ഒരു മാസക്കാലം പോരിന്റെ അഗ്നിസ്ഫുലിംഗങ്ങളാൽ ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. മഞ്ഞക്കപ്പിനായി രണ്ട് നീലപ്പടകൾ അങ്കത്തിനിറങ്ങുന്നു. ഖത്തർ ദേശീയ ദിനത്തിൽ പച്ചപ്പട്ടണിഞ്ഞ ലുസൈലിന്റെ നടുമുറ്റത്ത് ലോകം കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുന്ന രാത്രിയിൽ, പാറിപ്പറക്കുന്ന ‘അൽ ഹിൽമ്’ പന്തിന്റെ ഗതിവിഗതികൾ അതു നിശ്ചയിക്കും.

ലക്ഷണമൊത്ത പോരാട്ടത്തിനാണ് കാഹളമുയരുന്നത്. ലക്ഷത്തോളം പേരത് നേരിട്ട് കൺപാർക്കും. ഭൂമിയിലെ കോടാനുകോടി മനുഷ്യരുടെ കണ്ണും മനസ്സും അപ്പോൾ ആ മണ്ണിലായിരിക്കും. വിശ്വവിജയത്തിന്റെ മധുരക്കോപ്പ ചുണ്ടോടടുപ്പിക്കുന്നതാരാവും? മുൻകൂറായി ഒന്നും പറയുക സാധ്യമല്ല. കാരണം, ഈ ഫൈനൽ ലോകകപ്പിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും പ്രവചനാതീതമായ കലാശപ്പോരാട്ടങ്ങളിലൊന്നാണ്. കളിയുടെ ചരിത്രത്താളുകളിൽ ഇതിഹാസങ്ങളേറെ കുറിച്ച ലയണൽ മെസ്സിയുടെ അർജന്റീനക്കെതിരെ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച ഹ്യൂഗോ ലോറിസിന്റെ നായകത്വത്തിൽ ഫ്രഞ്ചുപട.

കളിചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസ്സി ലോകപോരാട്ടങ്ങളുടെ വിലോഭനീയ വേദിയിൽ അവസാന മത്സരം കളിച്ചുതീർക്കുന്ന രാത്രിയാണിന്ന്. ആ കനകക്കിരീടമൊഴികെ, നേടാൻ കഴിയുന്നതിന്റെ അമരത്തേക്ക് പലകുറി ഡ്രിബ്ൾ ചെയ്തു കയറിയ പ്രതിഭാധനൻ. മുമ്പ് നാലു ലോകകപ്പ് കളിച്ചിട്ടും കരഗതമാക്കാൻ കഴിയാതെപോയ ആ സുവർണമുദ്ര കരിയറിലെ ഏറ്റവും വലിയ പോരാട്ടത്തിൽ അയാൾക്കൊപ്പം നിൽക്കുമോ? അതല്ല, കിലിയൻ എംബാപ്പെയുടെ സംഹാര രൗദ്രതയിൽ തുടർകിരീടമെന്ന സ്വപ്നത്തിലേക്ക് കയറിയെത്താൻ ഫ്രാൻസിനാകുമോ?

WhatsApp Image 2024-12-09 at 10.15.48 PM

ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത് 1986 ലാണ്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കീഴിലാണ് അര്‍ജന്റീന അവസാനമായി ലോക ചാമ്പ്യന്മാരായത്. 36 വര്‍ഷമായി അന്യം നില്‍ക്കുന്ന ലോകകപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ആല്‍ബിസെലസ്റ്റുകള്‍ മറ്റൊരു ഫൈനലിന് ഇറങ്ങുകയാണ്. അവരുടെ പ്രതീക്ഷകളത്രയും മറ്റൊരു ഇതിഹാസ താരത്തിന്റെ സ്വര്‍ണനിറമുള്ള ബൂട്ടുകളിലാണ്, ലയണല്‍ മെസ്സി. മെസ്സിയുടെ കീഴില്‍ അര്‍ജന്റീനക്ക് ഒരു ലോകകിരീടം എന്നതിലുപരി മെസ്സിയുടെ കരിയറിലെ ഒരേയൊരു ലോകകിരീടത്തിനായുള്ള പോരാട്ടമെന്നായിരിക്കും ചരിത്രത്തില്‍ ഖത്തര്‍ ലോകകപ്പ് എഴുതിച്ചേര്‍ക്കപ്പെടുക.

2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. നാലു വര്‍ഷം മുന്‍പ് റഷ്യന്‍ ലോകകപ്പില്‍ നേര്‍ക്കുനേരെ വന്നപ്പോള്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന പതിവ് തിരുത്തിക്കുറിച്ചാണ് ഫ്രാന്‍സ് ഇത്തവണ ഫൈനലിലെത്തുന്നത്. കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂദ്, ഔറീലിയന്‍ ചൗമേനി തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങള്‍ ഫ്രഞ്ചുപടക്ക് കരുത്ത് പകരാനുണ്ട്.

ഏറെ അട്ടിമറികള്‍ക്ക് ശേഷം സ്വപ്‌നസമാനവും ആവേശകരവുമായ ഫൈനലിനാണ് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. സമവാക്യങ്ങളെയെല്ലാം തിരുത്തിക്കുറിച്ച ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ ടീമുകള്‍ വീഴുകയും പ്രതീക്ഷകള്‍ താരതമ്യേന കുറവായ കുഞ്ഞന്‍ ടീമുകള്‍ വാഴുകയും ചെയ്തു. അതുകൊണ്ടു തന്നെ ഖത്തറിലെ അന്തിമവിധി പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായിത്തന്നെ തുടരും.