രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ സ്കൂൾമുറ്റത്തേക്കുള്ള പടികൾ കയറുമ്പോൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു. എത്ര തവണ കയറിയിറങ്ങിയ പടികളാണിത്. മുത്തശ്ശൻ മാവിന്റെ വേരിൽ പിടിച്ച് തൂങ്ങിയാണ് ചില വികൃതികൾ സ്കൂൾ മുറ്റത്തേക്കു കയറിയിരുന്നത്. അതുവഴി കയറിയാലോന്ന് നോക്കി. ഇല്ല ആ വഴിയൊക്കെ അടഞ്ഞു.സ്കൂൾ പരിസരം കാടുപിടിച്ച് അലങ്കോലമായി കിടക്കുന്നു. മാവിന്റെ മുകളിലേക്കു നോക്കി ഇലച്ചാർത്തുകൾക്കിടയിൽ നിന്നും സൂര്യവെളിച്ചം കണ്ണിറുക്കുന്നു.

“ ആരാ മനസ്സിലായില്ല ’’ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

നരച്ച നൈറ്റിയുടുത്ത് ഒരു യുവതി. ഒറ്റനേട്ടത്തിൽ തന്നെ ആളെ മനസ്സിലായി.സ്കൂളിലെ പ്യൂണായിരുന്ന റാഹേലമ്മയുടെ മകൾ ജാൻസി. താൻ ചിരിച്ച് കാണിച്ചിട്ടും അവൾ ചിരിച്ചില്ല. അപരിചിതത്വം അതിന് പ്രേരിപ്പിക്കുന്നില്ല. “ റാഹേലമ്മയുടെ മകൾ ജാൻസി അല്ലെ…’’

‘അതെ’

“ എന്നെ ഒാർക്കുന്നുണ്ടോ, ഈ സ്കൂളിലെ പഴയൊരു ടീച്ചറായിരുന്നു.’’

“ഇൗശോയെ , ട്രിസ്സ ടീച്ചർ,’’ആദരവും, അമ്പരപ്പുമായി ജാൻസി കൈയിൽ പിടിച്ചു. അവൾക്ക് മുഖത്തൊരു ചമ്മലുണ്ട്. ടീച്ചറെ കണ്ടിട്ട് മനസ്സിലായില്ല സത്യം. മുടിയൊക്കെ വല്ലാതങ്ങ് നരച്ചു…“വയസ്സാവുകയല്ലെ കുട്ടീ’’ ഒന്നു ചിരിച്ചു. “ ടീച്ചർ നമുക്ക് വീട്ടിലേക്കുപോവാം. ഈ കാട്ടിൽ നിന്നാൽ വല്ല ഇഴജന്തുക്കളും കാണും’’ ജാൻസിയുടെ കൈയിൽ പിടിച്ചാണ് അവരുടെ വീട്ടിലേക്കുള്ള നടകൾ കയറിയത്. കാലിന്റെ മുട്ടിന് നല്ല വേദനയുണ്ട്. ഇന്നു രാത്രി കാലിനു നല്ല വേദനയുണ്ടാവും. കാടും, മേടും കയറി നടന്നതിന് മോനപ്പന്റെ വക ശകാരം ഉറപ്പ്.“ടീച്ചറെന്താ ആലോചിയ്ക്കുന്നത്.’’ ജാൻസി ഇളം തിണ്ണയിലേക്ക് ഒരു ഫൈബർ കസേര എടുത്തിട്ടു.“ഓ, ഒന്നുമില്ല… സ്കൂൾ നിർത്തിയതിനുശേഷം ഇതുവഴി ആദ്യം വരികയാണ്. പഴയകാല അദ്ധ്യാപകരെയും,വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുള്ള കൂട്ടായ്മയിൽ ഒന്നു പങ്കെടുക്കണമെന്നുണ്ടായിരുന്നു. അതൊന്നും നടന്നില്ല.

“ ടീച്ചർ വരണമായിരുന്നു. എന്തു നല്ല പരിപാടിയായിരുന്നു. പണ്ടുകാലത്ത് പഠിച്ചവരും, പഠിപ്പിച്ചവരുമൊക്കെയുണ്ടായിരുന്നു. എല്ലാവരും വയസ്സനും,വയസ്സിയുമൊക്കെയായി…’’ ജാൻസി ചിരിച്ചു.

വീടിന്റെ ചുവരിൽ റാഹേലമ്മയുടെ ബ്ലാക്ക് അൻഡ് വൈറ്റ് ഫോട്ടോ. ഫോട്ടോയ്ക്കരികിലേക്കു ചെന്നു നിന്നു നോക്കി. ജീവൻ തുടിക്കുന്നതുപോലെ.

“ അമ്മച്ചി മരിച്ചിട്ട് പതിനൊന്നു വർഷമായി. എന്റെ കല്യാണം കഴിഞ്ഞ ആ വർഷം അവസാനമായിരുന്നു. എനിക്ക് മൂത്ത ഒരാളുണ്ട്. ടീച്ചർ ഓർക്കുന്നുണ്ടോ, സിൽവിയെ…

“ പിന്നെ ഞാൻ ഓർക്കുന്നുണ്ട്. സിൽവി നന്നായി പാട്ടുപാടുമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ ഞാനവളെ പാട്ടിനുകൊണ്ടുപോയിട്ടുണ്ട്.”
വെള്ളയും,നീലയും യൂണിഫോമിട്ട് സിൽവി സ്റ്റേജിൽനിന്നും പാടുന്നു. നനുത്ത ഒർമ്മകളുടെ അപ്പൂപ്പൻ താടികൾ…

“ സിൽവി മഠത്തിൽ ചേർന്നു.’’

അയ്യോ ടീച്ചർക്ക് ഞാനൊന്നും തന്നില്ലല്ലോ. ജാൻസി തിടുക്കത്തിൽ അടുക്കളയിലേക്കു പോയപ്പോൾ പുറകെ ചെന്നു. വ്യത്തിയുള്ള ചെറിയ അടുക്കള. സിമന്റ് കട്ടയിൽ തീർത്ത നല്ലൊരു വീട്. വീട് വലിയയൊരുസ്വപ്നമായിരുന്നു റാഹേലിന്… വീടിനെ പറ്റി എത്രയോ തവണ പറഞ്ഞിരിക്കുന്നു. “ടീച്ചർ ഈ മോരും വെള്ളം കുടിക്കു…ചോറുണ്ടിട്ട് പതിയെയങ്ങു പോകാം.” നനഞ്ഞ കൈ നെറ്റിയിൽ തുടച്ചുകൊണ്ടു ജാൻസി പറഞ്ഞു. മുളകും,ഇഞ്ചിയും ചതച്ചിട്ട മോരും വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു. ദാഹം നന്നായിട്ടുണ്ടായിരുന്നു. ഉച്ചക്ക് പിള്ളേരടച്ചൻ ചോറുണ്ണാൻ വരും. ഓട്ടോ ഡ്രൈവറാണ്. ജാൻസി പകുതി അരിഞ്ഞ് വച്ച ചീരയിലകൾ കൈയിൽ എടുത്തു. ജോലിയിൽ റാഹേലമ്മ കാണിക്കുന്ന തിടുക്കം ഇവൾക്കും കിട്ടിയിട്ടുണ്ട്.

റാഹേലറിയാത്ത ഒരു കാര്യവും സ്കൂളിൽ നടന്നിട്ടില്ല. ഏതു കാര്യത്തിലും അവരുണ്ടായിരുന്നു. എന്റെ പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് എത്രയോ പ്രാവശ്യം പച്ചക്കറിയും, മുട്ടയുമൊക്കെ കൊണ്ടു തന്നിരിക്കുന്നു. ശമ്പളം കിട്ടുമ്പോൾ രൂപകൊടുത്താൽ അതൊന്നും വാങ്ങില്ല. എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ടാണത്രേ…

“ടീച്ചർ വിശേഷങ്ങൾ പറയൂ.” “എനിക്ക് എന്തുവിശേഷങ്ങൾ…പല സ്കൂളുകളിലും പഠിപ്പിച്ചു പെൻഷനും പറ്റി. രണ്ടാൺ മക്കൾ ടോമിയും,മോനച്ചനും. മോനച്ചൻ കോൺട്രാക്റ്ററായി. ടോമി തമിഴ്നാട്ടിൽ. അവനവിടെ കൃഷിത്തോട്ടമുണ്ട്. എന്റെ ഭർത്താവ് ആന്റണിസാർ ഒൻപതു വർഷം മുൻപ് മരിച്ചു. ഞാനിപ്പോൾ ഇളയവൻ മോനച്ചന്റെ പിള്ളേരെ നോക്കി വീട്ടിൽ കഴിയുന്നു. ദൂരെ പട്ടണത്തിൽ.

പുറത്തെ ഉച്ചവെയിലിന്റെ തീഷ്ണത മുറിക്കുള്ളിലേക്ക് വ്യാപിക്കുന്നുണ്ടായിരുന്നു. മോനച്ചന്റെ ഭാര്യ ഇപ്പോൾ തിരക്കുന്നുണ്ടാവും. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വീട്ടിൽ വച്ചിട്ടാണ് ഈ യാത്ര പ്ലാൻ ചെയ്തത്. അതും പെൻഷൻ വാങ്ങാൻ പോന്ന വഴിക്ക്… മോനച്ചന്റെ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ലാതെ ഒരു മുറിയിൽ ഒരേ ഇരുപ്പ്. പുറത്തേയ്ക്ക് ഒരു യാത്രയിലും അവർ കൊണ്ടുപോകാറില്ല. പ്രായാധിക്യമുള്ളവർ വീട്ടിലിരിക്കണമെന്നാണ് മോനച്ചന്റെ ഭാര്യയുടെ നിലപാട്.

“ ടീച്ചർ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനു വന്നില്ലല്ലോ, പഴയകാല അദ്ധ്യാപകരെയൊക്കെ അന്ന് ആദരിച്ചിരുന്നു.’’

സംഘാടകർ വിവരം അിറയിച്ചതായിരുന്നു. മോനച്ചനൊന്നു നാട്ടിലേക്കു വിടണ്ടേ… അവന്റെ ഭാര്യയുടെ കളിയാക്കലായിരുന്നു അസഹ്യമായത്. പൂർവ്വവിദ്യാർത്ഥി സംഗമത്തിനു പോവണമെന്ന ആഗ്രഹം പറഞ്ഞപ്പോഴൊക്കെ അവൾ തടസ്സപ്പെടുത്തുകയായിരുന്നു. നിങ്ങളുടെ അമ്മച്ചിക്ക് വയസ്സുകാലത്ത് “ക്ലാസ്സ്മേറ്റ്സ് ’’ അഭിനയിക്കാൻ പോവണമെന്ന്. എന്തെല്ലാം കുത്തുവാക്കുകൾ കേട്ടിരിക്കുന്നു. ഒടുവിൽ എങ്ങോട്ടുമില്ലെന്നു തീരുമാനിച്ചു.

“ ഞാൻ പറഞ്ഞതൊന്നും ടീച്ചർ കേട്ടില്ലെന്നു തോന്നുന്നു.’’ജാൻസി ഓർമ്മകളിൽ നിന്നും വേർപ്പെടുത്തി.വെറുതെ ഓരോന്ന്….

വയസ്സായവരൊക്കെ എല്ലാവർക്കും ഒരു ഭാരമാവുകയാണോ. മനസ്സ് ആകെ വ്യാകുലപ്പെടുന്നു. ഇന്ദിര ടീച്ചറെ ഓർത്തു. കഴിഞ്ഞപ്രാവശ്യം പെൻഷൻ വാങ്ങാൻ ചെന്നപ്പോൾ കണ്ടതാണ്. ഒരുപാട് നേരം വർത്തമാനം പറഞ്ഞു പിരിഞ്ഞതാണ്. രാത്രിയിലുണ്ടായ ഒരു തലവേദന….അത്രമാത്രം…. മറ്റാർക്കും ബാദ്ധ്യതയാവാതെ കടന്നുപോവണമെന്നായിരുന്നു ടീച്ചറുടെ ആഗ്രഹം…. അതുപോലെതന്നെ…ജാൻസി ഊണ് വിളമ്പി. ചീരതോരനും,പുളിശ്ശേരിയും,അച്ചാറുമൊക്കെ കൂട്ടി ഊണുകഴിച്ചു. ഗ്രാമത്തിന്റെ നിറസമൃദ്ധി ആവോളം നുകർന്ന് ഉച്ചവെയിൽ അലസമായി കിടന്നു.

ജാൻസിയുടെ കൈപിടിച്ച് പഴയ സ്റ്റാഫ്റൂമിനരികിൽ ചെന്നുനിന്നു. മുറിയുടെ ഇടതു സൈഡിലായിരുന്നു തന്റെ ഇരിപ്പിടം. അവിടെ ഇരുന്നാൽ നാലുബിയിലെയും,അഞ്ചുബിയിലെയും ക്ലാസ്സുകാണാം. റൂമിന്റെ ജനലുകളും,വാതിലുകളും മുഴുവൻ ദ്രവിച്ചു നശിച്ചിരിക്കുന്നു. പൊട്ടിയ ഓടുകളും, ബ്രാണ്ടികുപ്പികളും നിറഞ്ഞു കിടക്കുന്നു. “ദാ ഇവിടെ കാടെല്ലാം വെട്ടിത്തെളിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. എന്തൊരു ആളും ബഹളവുമായിരുന്നു.” ജാൻസി പഴയ ഗ്രൗണ്ട് കാണിച്ചുകൊണ്ട് പറഞ്ഞു. അന്ന് ചടങ്ങിനൊട്ടിച്ച വർണ്ണക്കടലാസുകൾ ചിലയിടത്തൊക്കെ ബാക്കി നിൽക്കുന്നുണ്ട്.

ഈ മുറ്റത്തുനിൽക്കുമ്പോൾ സർവ്വീസ് കാലം ഓർമ്മ വരുന്നു. അപ്പന് കൃഷിപ്പണിയായിരുന്നു. എന്റെ ശമ്പളം കൊണ്ട് ഒന്നും തികയാത്ത അവസ്ഥ. അനുജത്തിമാരുടെ പഠനചിലവ്… വീട്ടുചിലവ്… എല്ലാം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെട്ടു. സ്കൂളിൽ ഉച്ചക്കുവയ്ക്കുന്ന ഉപ്പുമാവ് റാഹേലമ്മ ആരും കാണാതെ എന്റെ കൈയിൽ തന്നു വിട്ടിട്ടുണ്ട്. റാഹേലിനോട് അത്രയേറെ കടപ്പെട്ടിരിക്കുന്നു. ഇന്നെനിയ്ക്കെന്തെന്നറിയില്ല… മനസ്സിൽ വല്ലാത്തൊരാനന്ദം തോന്നുന്നു. പഴയ സ്കൂളും,പഴയ ശിഷ്യയെയും കണ്ടതിന്റെ സന്തോഷമാവാം… അതും എന്റെ റാഹേലിന്റെ മകൾ… വലിയ സന്തോഷം…. ഇനി ഒരിക്കലും ഈ വഴിയ്ക്കൊരു യാത്ര തരപ്പെട്ടില്ലന്നു വരാം. “സമയം ഒരുപാടായി. എനിക്കുപോവണം… ഇതുവഴി ഇനി എപ്പോഴാണ് ബസ്സുള്ളത് ?”

“ ഇനി രണ്ടുമണിക്കൂറു കഴിയാതെ ബസ്സില്ല. അപ്പുറത്തെ കവലവരെ നടന്നാൽ ബസ്സ് കിട്ടും. തങ്കച്ചൻ വന്നിരുന്നെങ്കിൽ ഓട്ടോയിൽ അപ്പുറത്തെ കവലക്കിറങ്ങാമായിരുന്നു. ഒന്നു ഫോൺ വിളിച്ചു പറയാൻ മൊബൈലുമില്ല… എന്തുചെയ്യാം…” ബാഗിൽ വച്ചിരുന്ന പെൻഷൻ രൂപയിൽ നിന്നും രണ്ടായിരം രൂപ ജാൻസിയുടെ കൈയിൽ വച്ചുകൊടുത്തു. “ഇതിരിക്കട്ടെ… എന്റെയൊരു സന്തോഷത്തിന്… കുട്ടികൾക്ക് എന്തെങ്കിലും മിഠായി വാങ്ങിക്കൊടുക്ക്…” ജാൻസിയുടെ ആത്മവിശ്വാസമുള്ള മുഖം സങ്കടത്തിന്റെ വക്കിലാണ്. “രൂപയൊന്നും വേണ്ട ടീച്ചർ… എന്തായാലും ഇവിടെ വന്നല്ലോ… അതാണെന്റെ സന്തോഷം…” രൂപ തിരിച്ച് തരാൻ നോക്കിയിട്ട് അതുവാങ്ങിയില്ല. നിന്നെപ്പോലൊരു മകൾ എനിക്കു ജനിച്ചില്ലല്ലോ…റാഹേലിന്റെ ചുറുചുറുക്കും,ചിരിയുമൊക്കെ ഇവളിൽ നിറഞ്ഞു നിൽക്കുന്നു.

കൃഷിചെയ്തും,ആടുവളർത്തിയും,കോഴിവളർത്തിയുമൊക്കെ എത്ര സുന്ദരമായാണ് ജീവിതത്തെ ഇവൾ മുൻപോട്ട് കൊണ്ടുപോവുന്നത്. “ഇനി നിൽക്കുന്നില്ല. രണ്ടു ജില്ലയ്ക്കപ്പുറം പോകേണ്ടതാണ്. നീ എന്നെ താഴേയ്ക്കൊന്ന് ഇറക്കാൻ സഹായിക്ക്.മോനച്ചന്റെ കുഞ്ഞുങ്ങൾ തിരക്കുന്നുണ്ടാവും…”പൊട്ടിപൊളിഞ്ഞ നടയിലൂടെ താഴോയ്ക്കിറങ്ങി. ജാൻസി കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഒട്ടും ഭയം തോന്നിയില്ല. അദ്ധ്യാപകർ എത്രയോ ഭാഗ്യം ചെയ്തവരാണ്… ലോകത്തെവിടെയും അവരെ ചേർത്തു പിടിക്കാൻ ഏതെങ്കിലുമൊക്കെ ശിഷ്യരുണ്ടാവും…

താഴെ ടാറിട്ടവഴിയിൽ വന്നു.“ഞാനൊരു കാര്യം ചോദിക്കട്ടെ കുട്ടീ… ഒരുപാട് വയസ്സാവുമ്പോൾ നിന്റെ അരികിൽ വന്നു നിന്നോട്ടെ…” അതുപറയുമ്പോൾ കണ്ണു നിറഞ്ഞുവോ… “ ഈ ടീച്ചറിന്റെ ഒരു കാര്യം. എന്റെ ടീച്ചറെ അതിനൊക്കെ നമുക്കു വഴിയുണ്ടാക്കാം…” ജാൻസി ചിരിച്ചു. എന്തിനും പരിഹാരം കണ്ടെത്തുന്ന റാഹേലിന്റെ അതെ രീതി. ടീച്ചർക്കെന്തിന്റെ കുഴപ്പമാണ്- അവൾ ആരോടെന്നില്ലാതെ പറയുന്നു. നിന്റെ ടീച്ചർ കാര്യമായിട്ടാണിത് പറയുന്നതെന്ന് അവളോട് പറയണമെന്നുണ്ട്. പക്ഷെ എങ്ങനെ ഈ കുട്ടിയോട്…? വേണ്ട ടീച്ചറെപ്പറ്റി അവൾക്കുള്ള നല്ല സങ്കൽപ്പങ്ങൾ അങ്ങനങ്ങു നിൽക്കട്ടെ… അതല്ലെ ശരി…

ബാഗിൽ നിന്നും ടൗവ്വലെടുത്തു മുഖം തുടച്ചു. മക്കളുടെയും മരുമക്കളുടെയും തിരസ്ക്കാരങ്ങൾ പുതിയ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിന്റെ നിറക്കാഴ്ചകൾ മുഴുവൻ നഷ്ടപ്പെടുന്ന വാർദ്ധക്യം ഇത്ര ശാപം പിടിച്ചതാണോ. സർവ്വീസ് കാലവും റിട്ടയർമെന്റ് കാലവും ഹൃദയബന്ധങ്ങളുടെ നേർരേഖ മുറിച്ചു പോയിരിക്കുന്നു… പ്രായം ചെന്നവർ മര്യാദയ്ക്ക് വീട്ടിലിരിക്കണമെന്നു പറയാൻ മകനും, മരുമകൾക്കും നൂറുനാവ്… എന്റെ ആന്റണി സാർ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മനസ്സു കൊതിച്ചു.ഒന്നും അിറയാതെ അച്ചായനങ്ങു പോയി. ഹൈറേഞ്ചിലെ സ്കൂളിൽ നിന്നും പനിയുമായാണ് വന്നത്. എത്രപെട്ടന്നാണ് മരണം അദ്ദേഹത്തെ കവർന്നത്.

“ ഇനി നിന്നാൽ സമയം പോവും. ഞാൻ നടക്കട്ടെ…” ജാൻസിയുടെ തോളിൽ തട്ടി യാത്ര ചോദിച്ചു. ടാറിട്ട വഴി വിജനമാണ്. തീ പാറുന്ന ഉച്ചവെയിൽ മാത്രമാണ് കൂട്ട്. ഇത്തിരി സ്നേഹത്തിന്റെ വഴിയമ്പലങ്ങൾ തേടി ടീച്ചർ നടന്നു മറയുമ്പോഴും അഭയവും, സ്നേഹവും നൽകുന്ന മനസ്സുമായി പിന്നിൽ വഴിയരികിൽ ജാൻസി കാത്തുനിന്നു… ഇമ ചിമ്മാതെ….

രാധാകൃഷ്ണൻ മാഞ്ഞൂർ 

ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം, സംസ്ക്കാരവേദിയുടെ 2023ലെ അവാർഡ് എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785