പാലക്കാട്: പെരുങ്ങോട്ടുകുറിശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ സിനിമയെ വെല്ലുന്ന കവർച്ച. ഇഷാൻ ജ്വല്ലറിയിൽ അതിക്രമിച്ചുകയറിയ നാലംഗ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 20 പവൻ സ്വർണം കവർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. കവർച്ചയ്ക്കുശേഷം കാറിൽ തിരുവില്വാമല ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

ജ്വല്ലറി ഉടമ സനാദിന്റെ ഭാര്യ ദിവ്യയും മറ്റൊരു ജീവനക്കാരിയും കൗണ്ടറിലിരിക്കുമ്പോഴാണ് മൂന്നുപേർ കടയ്ക്കുള്ളിൽ പ്രവേശിച്ചത്. സ്വർണമാല ആവശ്യപ്പെട്ട സംഘം പിന്നാലെ തോക്കും കത്തിയും പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ അടങ്ങിയ പെട്ടികൾ കൈക്കലാക്കി. ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ അക്രമികൾ വെടിയുതിർത്തു. സ്റ്റൂൾ ഉപയോഗിച്ച് ദിവ്യയും സഹപ്രവർത്തകയും അക്രമികളെ നേരിടാൻ ശ്രമിച്ചെങ്കിലും സംഘം കവർച്ച തുടരുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജ്വല്ലറിയുടെ പിൻഭാഗത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഉടമ സനാദും മറ്റുള്ളവരും ഓടിയെത്തുമ്പോഴേക്കും അക്രമികൾ കാറിൽ രക്ഷപ്പെട്ടു. കവർച്ചയുടെ ദൃശ്യങ്ങൾ ജ്വല്ലറിയിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.