ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷൻ 1997നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന വാർത്തയ്ക്കു പിന്നാലെ കുടിയേറ്റം ഇപ്പോൾ ആവശ്യമായ രീതിയിൽ നിയന്ത്രണവിധേയമായെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാമിൻെറ സർക്കാർ വിലയിരുത്തുന്നു. മുൻ കൺസർവേറ്റീവ് സർക്കാർ കൊണ്ടുവന്ന വിസാ നിയന്ത്രണങ്ങൾ 2024 ജൂലൈയിൽ അധികാരത്തിലെത്തിയ ലേബർ സർക്കാരും തുടർന്നതാണ് കുടിയേറ്റത്തിലെ കുറവിന് കാരണമായത്. കുടിയേറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ നയങ്ങൾ ഫലം കാണുന്നുവെന്ന വിലയിരുത്തലിനിടെയാണ് പുതിയ പ്രതികരണം.

എന്നാൽ കുടിയേറ്റത്തിലെ കുറവിന്റെ നേട്ടം കൺസർവേറ്റീവ് പാർട്ടിക്കാണ് അവകാശപ്പെട്ടതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞു. പാർലമെന്റ് നിശ്ചയിക്കുന്ന നിയമപരമായ വാർഷിക കുടിയേറ്റ പരിധി ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന നികുതി കാരണം ബ്രിട്ടീഷുകാരും യൂറോപ്യൻ പൗരന്മാരും രാജ്യം വിടുകയാണെന്നും യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റം ഇപ്പോഴും കൂടുതലാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സമ്പദ്‌വ്യവസ്ഥയെയും പൊതുസേവനങ്ങളെയും പിന്തുണയ്ക്കുന്ന വ്യക്തമായ കുടിയേറ്റ നയം വേണമെന്ന് ലിബറൽ ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടു.

കുടിയേറ്റത്തിലെ കുറവിനെ സ്വാഗതം ചെയ്ത റിഫോം യു.കെ നേതാവ് നൈജൽ ഫരാജ്, ഉയർന്ന നികുതി നൽകുന്ന വിദഗ്ധ തൊഴിലാളികൾ ബ്രിട്ടൻ വിടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, 2023ൽ അന്നത്തെ പ്രധാനമന്ത്രി ഋഷി സുനക്കിനെ കണ്ട് വിസാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ കുറവിന് കാരണമെന്ന് മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക് അവകാശപ്പെട്ടു. എന്നാൽ കുടിയേറ്റം നിയന്ത്രിക്കുന്നതിൽ മുൻ സർക്കാരിന്റെയും നിലവിലെ സർക്കാരിന്റെയും പങ്കിനെച്ചൊല്ലി രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അവകാശവാദങ്ങൾ ശക്തമാകുകയാണ്.











Leave a Reply