ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പിൻവലിച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽ കൊണ്ട് പരിക്കേറ്റതിനെ തുടർന്നാണിത്. സ്മിത്തിനു പകരം ടെസ്റ്റിന്റെ അഞ്ചാം ദിനം കളത്തിലെത്തിയത് മാർനസ് ലബുഷെയ്ൻ ആയിരുന്നു. ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായിരിക്കുകയാണ് ഓസ്ട്രേലിയ, ഇത്തരത്തിൽ കളത്തിലെത്തുന്ന ആദ്യ താരം മാർനസ് ലബുഷെയ്നും.
അതോടെ ഓസീസ് യുവ താരം ചരിത്ര സബ് ആയി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിന്റെ 77-ാം ഓവറിൽ ആർച്ചറിന്റെ മാരക ബൗണ്‍സറേറ്റ് വീഴുന്പോൾ സ്മിത്ത് 80 റണ്‍സ് എടുത്തുനിൽക്കുകയായിരുന്നു. പരിക്കേറ്റ് ക്രീസ് വിട്ടെങ്കിലും 40 മിനിറ്റിനുശേഷം തിരിച്ചെത്തിയ സ്മിത്ത് 92 റണ്‍സ് എടുത്ത് പുറത്തായി. തുടർ പരിശോധനയിൽ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരെ പിൻവലിക്കുന്നതിനുള്ള കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന് അപേക്ഷ നൽകിയത്. അഞ്ച് ടെസ്റ്റ് കളിച്ച പരിചയം മാത്രമാണ് മാർനസ് ലബുഷെയ്നുള്ളത്. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ മത്സരത്തിനിടെ കളിക്കാരിൽ ആരെങ്കിലും പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരനെ ഇറക്കുന്നത് ക്രിക്കറ്റിൽ പതിവാണ്.
എന്നാൽ, ഇങ്ങനെ എത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അവകാശമില്ലായിരുന്നു. മത്സരത്തിനിടെ തലയിൽ പന്ത് കൊണ്ട് ഒരു ബാറ്റ്സ്മാൻ പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ പകരമെത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അനുമതി നല്‍കുന്നതാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന്റെ പ്രത്യേകത. ഈ മാസം ഒന്നാം തീയതി മുതലാണ് ഐസിസി ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്. നിലവിൽ ടെസ്റ്റിൽ മാത്രാണ് ഇത് ഉപയോഗിക്കുന്നത്.
Leave a Reply