ബിജെപി സർക്കാരിന് കീഴിൽ രാജസ്ഥാനിൽ അച്ഛേ ദിൻ വരില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്​ലോട്ട്. വിജയം പങ്കുവയ്ക്കാൻ അദ്ദേഹം ചായ വിതരണം ചെയ്തതും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ജയ്പൂരിലെ തന്റെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും‌ാണ് അദ്ദേഹം തന്നെ നേരിട്ട് ചായ വിതരണം നടത്തിയത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സമാന ചിന്താഗതിക്കാരായ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അദ്ദേഹത്തിന്‍റെ വസതിക്കു പുറത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വിജയം പാർട്ടി അധ്യക്ഷപദം ഏറ്റെടുത്ത് ഒരു വർഷം തികയ്ക്കുന്ന രാഹുൽ ഗാന്ധിക്കുള്ളതാണെന്നാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

‘ഞങ്ങള്‍ കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. അന്തിമഫലമെത്തുമ്പോൾ വ്യക്തമായും കേവലഭൂരിപക്ഷം നേടാനാവുമെന്ന് ഉറപ്പാണ്. സമാന ചിന്താഗതിക്കാരായ, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഞങ്ങളെ പിന്തുണയ്ക്കാനായി സ്വാഗതം ചെയ്യുന്നു. അവരുമായി ചർച്ചകൾ നടത്തിവരികയാണ്”, സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ആദ്യഘട്ട ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ അദ്ദേഹം എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മിന്നിത്തിളങ്ങുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം കടന്നു. ഛത്തീസ്ഗഢില്‍ ലീഡില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചാണ് മുന്നേറ്റം. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നില ഓരോനിമിഷവും മാറിമറിഞ്ഞു. രാജസ്ഥാനില്‍ മിക്കസമയങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ടുനിന്നത്. കഴിഞ്ഞ അരമണിക്കൂറിലേറെയായി അവരുടെ ലീഡ് നില കേവലഭൂരിപക്ഷത്തിനാവശ്യമായ 100 സീറ്റിനുമുകളിലാണ്. മധ്യപ്രദേശിലെ ലീഡ് നിലയും ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.

ബിജെപിയും പലതവണ കേവലഭൂരിപക്ഷത്തിനുവേണ്ട 116 സീറ്റില്‍ ലീഡ് എത്തിച്ചിരുന്നു. അറുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനകം എണ്ണിക്കഴിഞ്ഞു. ഒട്ടേറെ മണ്ഡലങ്ങളില്‍ ഇപ്പോഴും ആയിരം വോട്ടില്‍ താഴെയാണ് സ്ഥാനാര്‍ഥികളുടെ ലീഡ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാകും. തെലങ്കാനയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയാണ് ടിആര്‍എസ് കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂട്ടമിയെ തറപറ്റിച്ചത്. മിസോറമില്‍ തുടര്‍ച്ചയായി മൂന്നാംവട്ടം അധികാരം ലക്ഷ്യമിട്ട കോണ്‍ഗ്രസ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ അധികാരനഷ്ടം പൂര്‍ണമായി.